< Back
Kerala

Kerala
'വിമതനാകാനില്ല'; പുതുപ്പള്ളിയിൽ കോൺഗ്രസിനായി മുഴുവൻ സമയം പ്രചാരണത്തിനുണ്ടാകുമെന്ന് നിബു ജോൺ
|10 Aug 2023 7:09 AM IST
ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന നിബു വിമതനായി മത്സരിക്കുമെന്നായിരുന്നു വാർത്ത.
കോട്ടയം: പുതുപ്പള്ളിയിൽ കോൺഗ്രസ് വിമതനായി മത്സരിക്കുമെന്ന വാർത്തകൾ നിഷേധിച്ച് നിബു ജോൺ. തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്ന് നിബു മീഡിയവണിനോട് പറഞ്ഞു. ആരാണ് ഇത്തരം കഥകൾ പ്രചരിപ്പിക്കുന്നതെന്ന് അന്വേഷിക്കണം. കോൺഗ്രസിനായി മുഴുവൻ സമയവും പ്രചാരണത്തിനുണ്ടാകുമെന്നും നിബു വ്യക്തമാക്കി.

ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന നിബു വിമതനായി മത്സരിക്കുമെന്നായിരുന്നു വാർത്ത. മുൻ പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റായ നിബു ഉമ്മൻ ചാണ്ടിയുടെ കുടുംബവുമായി ഏറെ നാളായി അകൽച്ചയിലാണ്. ഓർത്തഡോക്‌സ് സഭാംഗമായ നിബു മത്സരരംഗത്ത് വന്നാൽ പരമ്പരാഗത യു.ഡി.എഫ് വോട്ടുകളിൽ വിള്ളൽ വീഴുമെന്ന അശങ്ക നേതൃത്വത്തിനുണ്ടായിരുന്നു. നിബുവിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ നേതൃത്വം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിമതനാവാനില്ലെന്ന് നിബു അറിയിച്ചത്.