< Back
Kerala
നോവായി നിദ; ജന്മനാടിന്റെ അന്ത്യാഞ്ജലി
Kerala

നോവായി നിദ; ജന്മനാടിന്റെ അന്ത്യാഞ്ജലി

Web Desk
|
24 Dec 2022 1:37 PM IST

നീർക്കുന്നം എസ്.ഡി.പി സ്‌കൂളിലും വീട്ടിലും പള്ളിയിലുമായി നിദ ഫാത്തിമയ്ക്ക് അന്ത്യാജ്ഞലി അർപ്പിക്കാനായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്

ആലപ്പുഴ: അഞ്ചു വർഷമായി പഠിച്ചും കളിച്ചും നടന്ന വിദ്യാലയമുറ്റത്ത് ചേതനയറ്റ് കിടക്കുന്ന പ്രിയപ്പെട്ട കൂട്ടുകാരിയുടെ രംഗം കണ്ട് വിതുമ്പലടക്കാൻ കഴിയാതെ സഹപാഠികൾ. പ്രിയ വിദ്യാർത്ഥിയുടെ വേർപാട് സഹിക്കാനാകാതെ അധ്യാപകരും. നാഗ്പൂരിൽ മരിച്ച മലയാളി സൈക്കിൾ പോളോ താരം നിദ ഫാത്തിമയ്ക്ക് ജന്മനാട് കണ്ണീർപൂക്കളോടെ വിടചൊല്ലി. കാക്കാഴം പള്ളി ഖബർസ്ഥാനിൽ ഉച്ചയ്ക്ക് 12.30ഓടെ ഖബറടക്കി.

നീർക്കുന്നം എസ്.ഡി.പി സ്‌കൂളിലും വീട്ടിലും പള്ളിയിലുമായി അന്ത്യാജ്ഞലി അർപ്പിക്കാനായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ആലപ്പുഴ കലക്ടർ വി.ആർ കൃഷ്ണതേജ, മന്ത്രി പി. പ്രസാദ്, അമ്പലപ്പുഴ എം.എൽ.എ പി.എച്ച് സലാം തുടങ്ങി പ്രമുഖരും അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. സഹപാഠികളും അധ്യാപകരും നാട്ടുകാരുമടക്കം ആയിരങ്ങൾ നിദയെ അവസാനമായൊരു നോക്കുകാണാനെത്തി.

ഇന്നു രാവിലെ ആറു മണിയോടെയാണ് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്. അവിടെ അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാം, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒളിംപ്യൻ മേഴ്‌സിക്കുട്ടൻ എന്നിവർ ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പിതാവ് ശിഹാബുദ്ദീനും മൃതദേഹത്തിനൊപ്പമുണ്ടായിരുന്നു.

രാവിലെ 9.30ഓടെ നീർക്കും സ്‌കൂളിലെത്തിച്ചു പൊതുദർശനത്തിനു വച്ചു. ഇവിടെ ഒരു മണിക്കൂറോളം പൊതുദർശനത്തിനുശേഷം വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിലും പൊതുദർശനം കഴിഞ്ഞ ശേഷമാണ് 12.15ഓടെ കാക്കാഴം പള്ളിയിലേക്ക് എടുത്തത്.

ഡിസംബർ 20നാണ് ദേശീയ സബ് ജൂനിയർ സൈക്കിൾ പോളോ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ നിദ അടങ്ങിയ സംഘം നാഗ്പൂരിലെത്തിയത്. ബുധനാഴ്ച രാത്രി ഛർദിച്ച് കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. ദേശീയ സബ് ജൂനിയർ സൈക്കിൾ പോളോ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിൽനിന്ന് രണ്ട് അസോസിയേഷനുകളുടെ ടീമുകളാണ് പോയത്. ഇതിൽ കേരള സൈക്കിൾ പോളോ അസോസിയേഷന്റെ ടീം അംഗമായിരുന്നു നിദ.

നാഗ്പൂരിലെത്തിയ താരങ്ങൾക്ക് താമസവും ഭക്ഷണവും ഒരുക്കിയില്ലെന്ന് കേരള സൈക്കിൾ പോളോ അസോസിയേഷൻ ആരോപിച്ചു. എന്നാൽ താരങ്ങൾക്ക് സൗകര്യമൊരുക്കിയെന്നും 600 രൂപ ബത്ത നൽകിയെന്നുമാണ് നാഷണൽ പോളോ അസോസിയേഷന്റെ വിശദീകരണം.

Similar Posts