< Back
Kerala
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് ഇന്ന് നിലമ്പൂരിലെത്തും
Kerala

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് ഇന്ന് നിലമ്പൂരിലെത്തും

Web Desk
|
31 May 2025 6:58 AM IST

അൻവറിന് വലിയ പ്രാധാന്യം നൽകാതെ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് നിലമ്പൂരിൽ പ്രചരണം നടത്താനൊരുങ്ങി എൽഡിഎഫ്

മലപ്പുറം: എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് ഇന്ന് നിലമ്പൂരിലെത്തും. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലത്തിലെത്തുന്ന എം. സ്വരാജിന് വൻ സ്വീകരണം നൽകാനാണ് എൽഡിഎഫ് പ്രവർത്തകരൊരുങ്ങുന്നത്. രാവിലെ പത്തരയ്ക്ക് നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന സ്വരാജിന് അവിടെ സ്വീകരണം നൽകും.

അതിനുശേഷം തുറന്ന ജീപ്പിൽ സഞ്ചരിക്കുന്ന സ്വരാജ്, മണ്ഡലത്തിലെ പ്രധാനപ്പെട്ട ഇടങ്ങളിൽ സന്ദർശനം നടത്തും. മണ്ഡലത്തിലെയും പുറത്തെയും പ്രധാനപ്പെട്ട മത, സാമുദായിക, സാംസ്കാരിക നേതാക്കന്മാരുമായി സ്വരാജ് കൂടിക്കാഴ്ച നടത്തും. നാളെ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നത്. പ്രചരണത്തിന് കുറച്ചു ദിവസങ്ങൾ മാത്രം ബാക്കി ഉള്ളതുകൊണ്ട് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് സംവിധാനം മുഴുവൻ നിലമ്പൂരിൽ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

അൻവറിന് വലിയ പ്രാധാന്യം നൽകാതെ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് നിലമ്പൂരിൽ പ്രചരണം നടത്താനാണ് എൽഡിഎഫ് തീരുമാനം. സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന യുഡിഎഫ്, കേരളത്തെ സാമ്പത്തികമായി ഞെരിക്കുന്ന കേന്ദ്രത്തിനെതിരെ മൗനം പാലിക്കുന്നു എന്ന പ്രചരണവും ശക്തമാക്കാനാണ് തീരുമാനം. അൻവറിനെ ഉദ്ധരിക്കാതെ കഴിഞ്ഞ ഒൻപത് വർഷക്കാലം നിലമ്പൂരിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും പ്രചരണത്തിൽ ഊന്നിപ്പറയാൻ തീരുമാനിച്ചിട്ടുണ്ട്.

പ്രചരണത്തിൽ ഉയർന്നുവരുന്ന രാഷ്ട്രീയ വിവാദങ്ങൾക്ക് സംസ്ഥാന സെക്രട്ടറി അടക്കമുള്ള പ്രധാന നേതാക്കൾ മറുപടി പറഞ്ഞു പോകും. വിവാദങ്ങളോട് സ്ഥാനാർത്ഥി പ്രതികരിക്കേണ്ടതില്ലെന്നാണ് തീരുമാനം. നിലമ്പൂർ മണ്ഡലത്തിൽ കഴിഞ്ഞ ഒൻപത് വർഷക്കാലം എൽഡിഎഫ് സർക്കാർ ചെയ്ത വികസന പ്രവർത്തനങ്ങളിൽ ഊന്നിയായിരിക്കും ആദ്യ ദിവസങ്ങളിലെ മുഖ്യമന്ത്രിയുടേത് അടക്കമുള്ള പ്രചരണം. പി.വി അൻവറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴി തുറക്കേണ്ടതില്ലെന്നാണ് നേതൃത്വം നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

Similar Posts