
ജാതിയധിക്ഷേപത്തില്‍ ആര്‍ഷോയ്‌ക്കെതിരെ പരാതി നല്‍കിയ നിമിഷ രാജു തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി
|പറവൂർ കെടാമംഗലം ഡിവിഷനിലാണ് നിമിഷ രാജു മത്സരിക്കുക
എറണാകുളം: എസ്എഫ്‌ഐ നേതാവ് പി.എം ആര്‍ഷോ ലൈംഗികാതിക്രമവും ജാതി അധിക്ഷേപവും നടത്തിയെന്ന് പരാതി നല്‍കിയ നിമിഷ രാജു തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. പറവൂര്‍ കെടാമംഗലം ഡിവിഷനിലാണ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുക. എസ്എഫ്‌ഐ- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ എതിര്‍പ്പ് മറികടന്നാണ് തീരുമാനം. നിലവില്‍ എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ് നിമിഷ രാജു.
എംജി സര്‍വകലാശാലയില്‍ 2021 ഒക്ടോബറില്‍ സെനറ്റ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് എസ്എഫ്‌ഐ- എഐഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സ്ഥലത്തുണ്ടായിരുന്ന ആര്‍ഷോ സംഘര്‍ഷത്തിനിടെ തന്നെ ജാതിപ്പേര് വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും സ്ത്രീത്വത്തെ അവഹേളിച്ചെന്നും നിമിഷ അന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. കേസില്‍ ഗാന്ധിനഗര്‍ പൊലീസിന്റെ അന്വേഷണം ശരിയായ രീതിയിലല്ലെന്നും സാക്ഷികളുടെ മൊഴിയെടുത്തില്ലെന്നും സംഘര്‍ഷ സമയത്ത് സ്ഥലത്തില്ലാതിരുന്നവരെ സാക്ഷിപ്പട്ടികയില്‍ ചേര്‍ത്തെന്നുമായിരുന്നു നിമിഷയുടെ പരാതി.