< Back
Kerala
നിപ: മണ്ണാർക്കാടും കുമരംപുത്തൂരും കണ്ടൈമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു
Kerala

നിപ: മണ്ണാർക്കാടും കുമരംപുത്തൂരും കണ്ടൈമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു

Web Desk
|
13 July 2025 9:52 PM IST

പാലക്കാട്, മലപ്പുറം ജില്ലകളിലെ ആശുപത്രികളിൽ അനാവശ്യമായ സന്ദർശനം ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു

പാലക്കാട്: പാലക്കാട് മണ്ണാർക്കാടും കുമരംപുത്തൂരും കണ്ടൈമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു. കുമരംപുത്തൂർ എട്ട്, ഒൻപത്, 10, 11, 12, 13, 14 വാർഡുകളും മണ്ണാർക്കാട് മുനിസിപ്പാലിറ്റി 25, 26, 27, 28 വാർഡുകളുമാണ് കണ്ടൈമെൻ്റ് സോണുകളായി പ്രഖ്യാപിച്ചത്.

പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ആറ് ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് പ്രത്യേക ജാഗ്രത നിർദേശം നൽകിയത്. നിപ ലക്ഷണങ്ങളോട് കൂടിയ പനി, മസ്തിഷ്ക ജ്വരം എന്നിവ ഉണ്ടെങ്കിൽ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം.

ഇന്നലെയാണ് പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ ചങ്ങലീരി സ്വദേശി നിപ്പ ബാധിച്ച മരിച്ചത്. പനിബാധിച്ച് ചികിത്സയിലിക്കെ മരണപ്പെടുകയായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയിൽ 46 പേർ മരിച്ച വ്യക്തിയുടെ സമ്പർക്ക പട്ടികയിലുണ്ട്. ഇയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. മൊബൈൽ ടവർ ലൊക്കേഷൻ ഉൾപ്പെടെയെടുത്ത് കൂടുതൽ നിരീക്ഷണം നടത്തും.

നിപ മരണത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട്, മലപ്പുറം ജില്ലകളിലെ ആശുപത്രികളിൽ രോഗികൾക്കൊപ്പം ഒരാളെ മാത്രമേ നിൽക്കാൻ അനുവദിക്കൂ. ഇവിടെ ആശുപത്രികളിൽ എത്തുന്നവരും ആരോഗ്യപ്രവർത്തകരും നിർബന്ധമായും മാസ്ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളിലായി 543 പേരാണ് നിലവിൽ നിപ സമ്പർക്ക പട്ടികയിൽ ഉള്ളത്. പാലക്കാട് നാട്ടുകൽ സ്വദേശിനിയായ 38 കാരി നിപ്പ സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. പാലക്കാട്, മലപ്പുറം ജില്ലകളിലെ ആശുപത്രികളിൽ അനാവശ്യമായ സന്ദർശനം ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.

Similar Posts