< Back
Kerala
സഭാ സമ്മേളനം നാളെ തുടങ്ങും; ലോകായുക്താ ഭേദഗതി ബില്ല് 24 ന് പരിഗണിക്കും
Kerala

സഭാ സമ്മേളനം നാളെ തുടങ്ങും; ലോകായുക്താ ഭേദഗതി ബില്ല് 24 ന് പരിഗണിക്കും

Web Desk
|
21 Aug 2022 6:19 AM IST

11 ഓർഡിനൻസുകൾ റദ്ദാക്കപ്പെട്ടതിലെ അസാധാരണ സ്ഥിതിവിശേഷം മറികടക്കാനാണ് തീരുമാനിച്ചതിലും നേരത്തെ നിയമസഭ ചേരുന്നത്

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ ആറാം സമ്മേളനം നാളെ ആരംഭിക്കും. ഗവർണർ ഒപ്പിടാത്തതു മൂലം അസാധുവായ ഓർഡിനൻസുകൾക്ക് പകരം ബില്ലുകൾ പാസാക്കാനാണ് സഭ സമ്മേളിക്കുന്നത്. ലോകായുക്താ, സർവ്വകലാശാല വി.സി നിയമന ഭേദഗതികൾക്കെതിരെ സഭയിലും പ്രതിഷേധമുയർത്താനാണ് പ്രതിപക്ഷ തീരുമാനം.11 ഓർഡിനൻസുകൾ റദ്ദാക്കപ്പെട്ടതിലെ അസാധാരണ സ്ഥിതിവിശേഷം മറികടക്കാനാണ് തീരുമാനിച്ചതിലും നേരത്തെ നിയമസഭ ചേരുന്നത്. 22ന് സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട പ്രത്യേക സമ്മേളനം.

23 മുതൽ ബില്ലുകൾ പരിഗണിക്കുന്നതിലേക്ക് സഭ കടക്കും. ലോകായുക്താ ഭേദഗതി ബില്ല് 24 നാണ് സഭ പരിഗണിക്കുക.ലോകായുക്ത ഭേദഗതി ബില്ലിന്റെ കരട് പുറത്തിറങ്ങി. ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്നതാണ് ബിൽ. ലോകായുക്ത വിധിയിൽ പുന:പരിശോധനക്ക് ബില്ല് വ്യവസ്ഥ ചെയ്യുന്നു. ഗവർണ്ണർക്കോ മുഖ്യമന്ത്രിക്കോ സർക്കാറിനോ വിധിയിൽ ഹിയറിങ്ങ് നടത്താൻ അധികാരമുണ്ടാകും. ലോകായുക്തയുടെ വിധി തള്ളിക്കളയാനും കഴിയുന്നതാണ് ഭേദഗതി. എതിർപ്പുന്നയിച്ച സി.പി.ഐയുടെ നിലപാട് ഔദ്യോഗിക ഭേദഗതിയായി കൊണ്ട് വരും. ലോകായുക്താ വിധി സർക്കാരിന് തള്ളാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിനെതിരായ പ്രതിപക്ഷത്തിന്റെ എതിർപ്പ് സഭ പ്രക്ഷുബ്ധമാക്കും.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ലോകായുക്ത വിധി വരാനിരിക്കെയാണ് ഭേദഗതിക്ക് സർക്കാർ ഒരുങ്ങുന്നതെന്ന ആരോപണം പ്രതിപക്ഷം ശക്തമായി ഉന്നയിക്കും. സർവകലാശാല വി.സി നിയമനങ്ങളിൽ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്നതിനുള്ള ബില്ലും സഭയുടെ പരിഗണനയ്ക്ക് വരും. ഗവർണർ- സർക്കാർ പോര് ശക്തമാകുമ്പോഴാണ് ഗവർണറുടെ അധികാരം ദുർബലമാക്കുന്ന നിയമ ഭേദഗതിക്ക് സർക്കാർ കടക്കുന്നത്.

സാഹചര്യം അസാധാരണമാണ്, അതുകൊണ്ടാണ് പ്രതീക്ഷിച്ചതിലും നേരത്തെ സഭ സമ്മേളിക്കേണ്ടി വന്നതെന്ന് സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു. 10 ദിവസം നീണ്ട് നിൽക്കുന്ന സഭാ സമ്മേളനം സെപ്തംബർ രണ്ടിന് സമാപിക്കും.

Similar Posts