< Back
Kerala
ഛത്തിസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യമില്ല;  കേസ് എൻഐഎ കോടതിയിലേക്ക്
Kerala

ഛത്തിസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യമില്ല; കേസ് എൻഐഎ കോടതിയിലേക്ക്

Web Desk
|
30 July 2025 12:40 PM IST

എൻഐഎക്ക് വിടണമെന്ന ബജ്റംഗ്ദൾ ആവശ്യം സെഷൻസ് കോടതി അംഗീകരിച്ചു

ന്യൂഡല്‍ഹി:ഛത്തിസ്ഗഢിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യമില്ല.ദുർഗ് സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.സിസ്റ്റർ പ്രീതി മേരിയ, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരാണ് അറസ്റ്റിലായത്. കന്യാസ്ത്രീകളുടെ കേസ് എപരിഗണിക്കേണ്ടത് എൻഐഎ കോടതിയെന്ന് സെഷൻസ് കോടതി പറഞ്ഞു.കേസ് അന്വേഷിക്കേണ്ടത് ആർപിഎഫും ഛത്തീസ്ഗഢ് പൊലീസും അല്ലെന്നും ബജ്റംഗ്ദൾ കോടതിയിൽ വാദിച്ചു. ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയതോടെ കന്യാസ്ത്രീകൾ ജയിലിൽ തുടരും.

റായ്പൂർ അതിരൂപതയാണ് കോടതിയെ സമീപിച്ചത്.കോടതിക്ക് ജാമ്യം നൽകാൻ പരിമിതി ഉണ്ടെന്ന് ജഡ്ജി പറഞ്ഞു.കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്നലെ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.

അതേസമയം,കന്യാസ്ത്രീകളുടെ അറസ്റ്റിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. കെപിസിസിയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുന്നതുവരെ രാജ്യവ്യാപക സമരവുമായി കോൺഗ്രസ് മുൻപന്തിയിൽ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. അറസ്റ്റിൽ പ്രതിഷേധിച്ച് വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് രാജ്ഭവനിലേക്ക് പ്രതിഷേധ റാലി നടത്തും.

കഴിഞ്ഞ ദിവസങ്ങളിലെ വിവിധ പ്രതിഷേധത്തിന്റെ തുടർച്ചയെന്നോണം കെപിസിസിയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, ദീപ ദാസ് മുൻഷി തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. പൊലീസിന്റേത് കിരാതമായ നീക്കം എന്ന് കെപിസിസി അധ്യക്ഷൻ പറഞ്ഞു.

രാജ്ഭവനിലേക്ക് വൈകിട്ട് വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടക്കും. രാജ്യത്ത് തുടർച്ചയായി ക്രൈസ്തവർക്ക് നേരെ പീഡനം ഏൽക്കേണ്ടി വരുന്നതിലും കന്യാസ്ത്രീകളുടെ അറസ്റ്റിലും പ്രതിഷേധിച്ചാണ് ക്രൈസ്തവ സഭകളുടെ പ്രതിഷേധം. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് രാജ്ഭവനിലേക്കുള്ള പ്രതിഷേധ റാലിയിൽ വിവിധ സഭ തലവന്മാർ പങ്കെടുക്കും. കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ആർച്ച് ബിഷപ്പുമാരായ തോമസ് ജെ നെറ്റോ, തോമസ് തറയിൽ, ബിഷപ്പ് ഡോക്ടർ ക്രിസ്തുദാസ്, തുടങ്ങിയവർക്കൊപ്പം വിവിധ സഭയിൽ നിന്നുള്ള വൈദികരും ഉണ്ടാകും.

Similar Posts