< Back
Kerala
No complaint about CHs name not being on the Muslim League national headquarters: M.K Muneer
Kerala

മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരത്തിൽ സി.എച്ചിന്റെ പേര് ഇല്ലാത്തതിൽ പരാതിയില്ല: എം.കെ മുനീർ

Web Desk
|
2 Sept 2025 3:56 PM IST

സ്മാരകങ്ങളെക്കാൾ സി.എച്ച് ഇഷ്ടപ്പെടുന്നത് ജനഹൃദയങ്ങളിൽ ജീവിക്കുന്നതാണെന്നും മുനീർ പറഞ്ഞു

കോഴിക്കോട്: മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി ഓഫീസായ ഖാഇദെ മില്ലത്ത് സെന്ററിൽ മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ പേര് ഇല്ലാത്തതിൽ പരാതിയില്ലെന്ന് മകനും മുസ്‌ലിം ലീഗ് നേതാവുമായ ഡോ. എം.കെ മുനീർ. ഈ വിഷയത്തിൽ നേതൃത്വത്തിന് താൻ പരാതി നൽകിയിട്ടില്ല. കേരളത്തിൽ ഉടനീളമുള്ള സി.എച്ച് സെന്ററുകൾ പാർട്ടിയാണ് നടത്തുന്നത്. പാർട്ടി അവഗണിച്ചു എന്ന് കരുതുന്നില്ല. സ്മാരകങ്ങളെക്കാൾ സി.എച്ച് ഇഷ്ടപ്പെടുന്നത് ജനഹൃദയങ്ങളിൽ ജീവിക്കുന്നതാണെന്നും മുനീർ പറഞ്ഞു.

ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ സിപിഎമ്മിന് കൃത്യമായ അഭിപ്രായമില്ല. വനിതാ മതിൽ ഉണ്ടാക്കിയത് എന്തിനായിരുന്നുവെന്ന് സിപിഎം വ്യക്തമാക്കണം. യുവതീ പ്രവേശനത്തിൽ ഇത്രയും കോലാഹലം ഉണ്ടാക്കിയത് പിന്നെന്തിനായിരുന്നു എന്ന ചോദ്യത്തിന് സിപിഎം മറുപടി പറയണം. അയ്യപ്പ സംഗമത്തെ കുറിച്ച് യുഡിഎഫിൽ ചർച്ച നടത്തിയ ശേഷം പ്രതികരിക്കുമെന്നും മുനീർ വ്യക്തമാക്കി.

ആഗസ്റ്റ് 24-നാണ് ഡൽഹിയിലെ ദരിയാഗഞ്ചിൽ നിർമിച്ച മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഓഫീസിൽ ലീഗിന്റെ സമുന്നത നേതാവും പാർട്ടിയുടെ ഏക മുഖ്യമന്ത്രിയുമായ സി.എച്ച് മുഹമ്മദ് കോയയുടെ സ്മരണകൾ ഇല്ലാത്തതാണ് വിവാദമായത്.

Similar Posts