
ഇ.ഡി പ്രസാദ് Photo: MediaOne
'വിവാദങ്ങൾക്കൊന്നും ശബരിമലയുടെ ശോഭ കെടുത്താൻ ആകില്ല... ഇനിയും ഭക്തജനപ്രവാഹം ഉണ്ടാകും'; പുതിയ മേൽശാന്തി ഇ.ഡി പ്രസാദ്
|ഇന്ന് രാവിലെ എട്ടേകാലോട് കൂടിയാണ് ശബരിമല മേൽശാന്തിയുടെ തെരഞ്ഞെടുപ്പ് നടന്നത്.എട്ടാം നറുക്കിലാണ് പ്രസാദ് മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്
പത്തനംതിട്ട: ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് ചാലക്കുടി ഏറന്നൂർ മനയിലെ ഇ.ഡി പ്രസാദ്. വികലാംഗത്വം ഇല്ലാത്ത കുട്ടി ഉണ്ടായി എന്ന് പറഞ്ഞ പോലെയുള്ള സന്തോഷമാണ് ഉള്ളിലുള്ളതെന്നും നിലവിലുള്ള വിവാദങ്ങൾക്കൊന്നും ശബരിമലയുടെ ശോഭ കെടുത്താനാകില്ലെന്നും പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. മൂന്നാം തവണത്തെ ശ്രമത്തിലാണ് പ്രസാദിന് അയ്യപ്പ സന്നിധിയിൽ മേൽശാന്തിയാകാനുള്ള ഭാഗ്യം ലഭിക്കുന്നത്.
'18 വയസ്സുവരെ പുരോഹിതവൃത്തിയിലേക്ക് തിരിയണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല, സിവിൽ എഞ്ചിനീയറിംഗ് പാതിവഴിയിൽ ഉപേക്ഷിച്ച് പൂജാരിയുടെ വഴിയിലേക്ക് പ്രവേശിച്ചത് ഒരു ദൈവ നിയോഗമായാണ് കണക്കാക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരായിരുന്ന മാതാപിതാക്കളിൽ നിന്നും വ്യത്യസ്ഥനായി അപ്രതീക്ഷിതമായി പുരോഹിതവൃത്തിയിലേക്ക് തിരിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.'പ്രസാദ് പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട് സമീപകാലങ്ങളിൽ ഉയർന്നുവന്ന വിവാദങ്ങളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാനും നമ്പൂതിരി മടിച്ചില്ല. വിവാദങ്ങൾ എല്ലാകാലങ്ങളിലും പല ഭാവങ്ങളിൽ നിലനിൽക്കുന്നതാണെന്നും എത്ര സൂക്ഷ്മതയോടെ നടന്നാലും ആരോപണങ്ങൾ ഉയർന്നുവരുമെന്നും അദ്ദേഹം പറഞ്ഞു.
'എത്ര നല്ലവണ്ണം നടന്നാലും എല്ലാവരെ കുറിച്ചും ആളുകൾ അപവാദങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കും. ഭഗവാൻ ശ്രീരാമന് പോലും 14 വർഷം കാട്ടിലിരിക്കേണ്ടിവന്നില്ലേ..എല്ലാത്തിനേയും പോസിറ്റീവായിട്ട് കാണുന്ന പ്രകൃതക്കാരനാണ് ഞാൻ. ഇത്തരം വിവാദങ്ങൾക്കൊന്നും ശബരിമലയുടെ ശോഭ കെടുത്താനാകില്ല. ഇനിയും ഭക്തജന പ്രവാഹം ഉണ്ടാകും.' പ്രസാദ് കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ എട്ടേകാലോട് കൂടിയാണ് ശബരിമല മേൽശാന്തിയുടെ തെരഞ്ഞെടുപ്പ് നടന്നത്.എട്ടാം നറുക്കിലാണ് പ്രസാദ് മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്. പന്തളം കൊട്ടാരത്തിലെ കശ്യപ് വർമയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുത്തത്. നിലവിൽ ആറേശ്വരം ശ്രീ ധർമശാസ്താ ക്ഷേത്രം മേൽശാന്തിയാണ് പ്രസാദ്.