< Back
Kerala
No free gravy with Porotta and beef fry; Consumer Court refuses to intervene
Kerala

പൊറോട്ട, ബീഫ് ഫ്രൈക്കൊപ്പം ഗ്രേവി സൗജന്യമില്ല; ഇടപെടാൻ വകുപ്പില്ലെന്ന് ഉപഭോക്തൃ കോടതി

Web Desk
|
21 May 2025 10:13 PM IST

എറണാകുളം സ്വദേശി ഷിബു.എസ് കോലഞ്ചേരി പത്താം മൈലിലെ 'ദി പേർഷ്യൻ ടേബിൾ' എന്ന റെസ്റ്റോറന്റ്നെതിരെ നൽകിയ പരാതിയാണ് കോടതി തള്ളിയത്.

കൊച്ചി: ബീഫ് ഫ്രൈയും പൊറോട്ടയും ഓർഡർ ചെയ്ത ഉപഭോക്താവിന് ഗ്രേവി സൗജന്യമായി നൽകിയില്ലെന്ന പരാതി നിലനിൽക്കുന്നതല്ലെന്ന്‌ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം സ്വദേശി ഷിബു.എസ് കോലഞ്ചേരി പത്താം മൈലിലെ 'ദി പേർഷ്യൻ ടേബിൾ' എന്ന റെസ്റ്റോറന്റ്നെതിരെ നൽകിയ പരാതിയാണ് കോടതി തള്ളിയത്.

പരാതിക്കാരനും സുഹൃത്തും 2024 നവംബർ മാസത്തിലാണ് എതിർകക്ഷിയുടെ റസ്റ്റോറന്റിൽ ബീഫ് ഫ്രൈയും പൊറോട്ടയും ഓർഡർ നൽകിയത്. ഓർഡർ ചെയ്ത ഭക്ഷണത്തോടൊപ്പം ഗ്രേവി ആവശ്യപ്പെടുകയും അത് നൽകാനാവില്ലെന്ന് ഹോട്ടലുടമ അറിയിച്ചു. തുടർന്നാണ് കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസർക്ക് പരാതി നൽകിയത്. താലൂക്ക് സപ്ലൈ ഓഫീസറും, ഫുഡ് സേഫ്റ്റി ഓഫീസറും അന്വേഷണം നടത്തുകയും ഗ്രേവി കൊടുക്കുക എന്നത് സ്ഥാപനത്തിൻറെ പോളിസിയിലില്ലെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്നാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

ഭക്ഷണത്തിന്റെ ഗുണമേന്മ, അളവ്, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് പരാതിയില്ല. ഓർഡർ ചെയ്ത ഭക്ഷണത്തോടൊപ്പം ഗ്രേവി ലഭ്യമാക്കിയില്ല എന്നതാണ് പരാതിക്കാരൻ ഉന്നയിച്ചത്. എന്നാൽ സൗജന്യമായി ഗ്രേവി ലഭ്യമാക്കാമെന്ന് റസ്റ്റോറന്റ് വാഗ്ദാനം നൽകുകയോ അതിനായി പണം ഈടാക്കുകയോ ചെയ്തിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമം - സെക്ഷൻ 2(11) അനുസരിച്ച് സേവനത്തിലെ ന്യൂനത എന്നാൽ, നിലവിലുള്ള ഏതെങ്കിലും നിയമ പ്രകാരമോ അല്ലെങ്കിൽ എതിർ കക്ഷിയുടെ വാഗ്ദാന പ്രകാരമോ നിഷ്കർഷിച്ചിട്ടുള്ള സേവനങ്ങളുടെ ഗുണമേന്മ, അളവ്, സുരക്ഷ എന്നിവയിൽ സംഭവിച്ചിട്ടുള്ള ന്യൂനതയാണെന്ന് ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി.

ഈ സാഹചര്യത്തിൽ, ഗ്രേവി നൽകേണ്ടതിന് എന്തെങ്കിലും നിയമപരമായതോ അല്ലെങ്കിൽ കരാറിലൂടെയോ ബാധ്യത എതിർകക്ഷിക്ക് ഉണ്ടെന്ന് തെളിയിക്കാൻ പരാതിക്കാരന് കഴിഞ്ഞില്ല. അതിനാൽ, പൊറട്ടയും ബീഫ് നൽകുമ്പോൾ ഗ്രേവി സൗജന്യമായി നൽകാത്തത് സേവന ന്യൂനതയായി പരിഗണിക്കാനാവില്ലെന്ന് ഹോട്ടൽ ഉടമയ്ക്കെതിരായ പരാതി നിരാകരിച്ചു കൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കി.

Similar Posts