< Back
Kerala
റഹ്മാനും സജിതയും പറഞ്ഞത് ശരിയാണ്: പൊലീസ് വനിതാ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി
Kerala

'റഹ്മാനും സജിതയും പറഞ്ഞത് ശരിയാണ്': പൊലീസ് വനിതാ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി

Web Desk
|
15 Jun 2021 9:12 AM IST

റഹ്മാന്‍ - സജിത ദമ്പതികളുടെ ഒളിവ് ജീവിതത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

പാലക്കാട് നെന്മാറയിൽ യുവതി 10 വർഷം ഭർതൃവീട്ടിൽ ഒളിച്ച് ജീവിച്ച സംഭവത്തിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. റഹ്മാന്‍ - സജിത ദമ്പതികളുടെ ഒളിവ് ജീവിതത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. നെൻമാറ സിഐ വനിതാ കമ്മീഷനാണ് റിപ്പോർട്ട് നൽകിയത്.

സാഹചര്യ തെളിവുകളും മൊഴികളും പുനപ്പരിശോധിച്ചു. റഹ്മാനും സജിതയും പറഞ്ഞത് ശരിയാണെന്നാണ് പൊലീസ് റിപ്പോർട്ട്. സജിതയും റഹ്മാനും നല്‍കിയത് ഒരേ തരത്തിലുള്ള മൊഴികളാണ്. സംഭവത്തിൽ ദുരൂഹത നീക്കാനും മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാനുമാണ് വനിതാ കമ്മിഷൻ പോലീസിനോട് റിപ്പോർട്ട് തേടിയത്. ഇരുവരുടെയും മൊഴികളില്‍ പൊരുത്തക്കേടില്ലെന്നാണ് പൊലീസ് ആദ്യം മുതല്‍ വ്യക്തമാക്കിയത്. എന്നാല്‍ റഹ്മാന്‍റെ മാതാപിതാക്കള്‍ അവകാശപ്പെടുന്നത് സജിത ആ വീട്ടില്‍ താമസിച്ചിട്ടില്ലെന്നാണ്. അത്രയും ചെറിയ വീട്ടില്‍ തങ്ങളറിയാതെ ഒരാളെ ഒളിപ്പിച്ച് താമസിക്കാന്‍ കഴിയില്ലെന്ന് മാതാപിതാക്കള്‍ ഉറപ്പിച്ചുപറയുന്നു.

സംഭവത്തിൽ വനിതാ കമ്മീഷൻ ഇന്ന് തെളിവെടുപ്പ് നടത്തും. വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ, അംഗം ഷിജി ശിവജി എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. കമ്മീഷൻ ആദ്യം സജിതയെയും റഹ്മാനെയും കണ്ട ശേഷം മാതാപിതാക്കളെയും കാണും.

Similar Posts