< Back
Kerala
ഉപകരണങ്ങൾ എടുത്തോയെന്ന് നഴ്‌സിനോട് ചോദിച്ചു,എടുത്തെന്ന് മറുപടി കിട്ടിയ ശേഷമാണ് തുന്നലിട്ടത്; വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്ക് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്
Kerala

'ഉപകരണങ്ങൾ എടുത്തോയെന്ന് നഴ്‌സിനോട് ചോദിച്ചു,എടുത്തെന്ന് മറുപടി കിട്ടിയ ശേഷമാണ് തുന്നലിട്ടത്'; വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്ക് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

Web Desk
|
22 Feb 2026 8:20 AM IST

ഡോക്ടർമാർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിൽ രോഗിയുടെ വയറിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്ക് വീഴ്ചയില്ലെന്ന് വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോർട്ട്. ഡോ ഷാഹിദ നടപടിക്രമങ്ങൾ എല്ലാം പാലിച്ചു. ശസ്ത്രക്രിയക്ക് ശേഷം ഉപകരങ്ങൾ എടുത്തോയെന്ന് നഴ്സിനോട് ചോദിച്ചു . എടുത്തെന്ന നഴ്സിന്റെ മറുപടി ലഭിച്ചശേഷമാണ് ഡോക്ടര്‍ തുന്നലിട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രോട്ടോക്കോൾ പാലിക്കാനാവാത്തതും ജീവനക്കാരുടെ കുറവും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.ഉഷയുടെ ശസ്ത്രക്രിയക്കിടെ മറ്റൊരു ശസ്ത്രക്രിയയ്ക്ക് വേണ്ടിയും ജോലി ചെയ്യേണ്ടി വന്നെന്ന് നഴ്സ് പറഞ്ഞിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യമന്ത്രിക്ക് കൈമാറും.

കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോ. ഷാഹിദ, നഴ്‌സ് ധന്യ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ. ഡോക്ടർ ഷാഹിദ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. അന്ന് ശസ്ത്രക്രിയ നടത്തിയ ടീമില്‍ ഉൾപ്പെട്ട നഴ്സ് ആണ് ധന്യ.

അതേസമയം, കേസിൽ ഡോക്ടർ ഷാഹിദയെ പ്രതിചേർക്കാൻ തീരുമാനമായി. ഡോ. ലളിതബികയ്ക്കെതിരെയുള്ള പരാതിയിൽ അന്വേഷണം തുടരുകയാണ്. ഡോക്ടര്‍ പൈസ വാങ്ങി എന്നാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം,ഇത് ചികിത്സ ചെലവ് മാത്രമാണെന്ന് പൊലീസ് പറയുന്നു.

അതിനിടെ, ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ വയറ്റിൽ മറന്നു വച്ച കത്രിക പുറത്തെടുത്ത ഉഷാ ജോസഫിന്റെ ആരോഗ്യനില തൃപ്തികരം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ഇവര്‍ ചികിത്സയിലുള്ളത്. സംഭവത്തിൽ ഡോക്ടർമാർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം.


Similar Posts