
ഒരു വർഷമായി പെൻഷനില്ല; ആനുകൂല്യങ്ങൾ ലഭിക്കാതെ കെട്ടിട നിർമാണത്തൊഴിലാളികൾ
|സാമ്പത്തിക പ്രതിസന്ധിയെന്നാണ് അധികൃതരുടെ വിശദീകരണം
ഇടുക്കി: പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കാതെ സംസ്ഥാനത്തെ കെട്ടിട നിർമാണത്തൊഴിലാളികൾ. ആനുകൂല്യങ്ങൾ മുടങ്ങി ഒരു വർഷം പിന്നിട്ടിട്ടും സർക്കാർ ഇടപെടുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി. സാമ്പത്തിക പ്രതിസന്ധിയെന്നാണ് അധികൃതരുടെ വിശദീകരണം.
ക്ഷേമ നിധി ബോർഡിന് കീഴിലുള്ള സംസ്ഥാനത്തെ ലക്ഷക്കണക്കിന് തൊഴിലാളികളാണ് ആനുകൂല്യങ്ങൾ ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുന്നത്. ഇടുക്കിയിൽ മാത്രം തൊണ്ണൂറായിരം തൊഴിലാളികളുണ്ട്. 1600 രൂപ വീതമുള്ള പെൻഷൻ ഒരു വർഷമായി ലഭിക്കുന്നില്ല. ഉന്നത വിദ്യാഭ്യാസ സഹായവും വിവാഹ, മരണാനന്തര സഹായവും മുടങ്ങിയിട്ട് വർഷങ്ങളായി. ഇടക്ക് ലഭിക്കുന്ന ചികിൽസാ സഹായം മാത്രമാണ് ഏക ആശ്വാസം. പ്രതിമാസം 50 രൂപ വീതം അംശാദായം അടക്കുന്നവർക്കാണ് ഈ ദുരവസ്ഥ.
ഇടുക്കിയിൽ ശരാശരി രണ്ട് കോടി രൂപയാണ് പ്രതിമാസ പെൻഷൻ നൽകാനായി വേണ്ടത്. തൊഴിലാളികളിൽ നിന്ന് പിരിക്കുന്ന അംശാദായവും കെട്ടിടങ്ങൾ നിർമിക്കുമ്പോഴുള്ള സെസിൽ നിന്നുമാണ് ആനുകൂല്യങ്ങൾക്കുള്ള തുക കണ്ടെത്തുന്നത്. ഇതിനു പുറമെ പെൻഷനാകുന്ന തൊഴിലാളികൾക്ക് അടച്ച തുകയത്രയും തിരകെ നൽകണം.
സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് പറയുമ്പോഴും അത് മറി കടക്കുന്ന കാര്യത്തിൽ ഇതു വരെ തീരുമാനമില്ല. അംശാദായമടച്ചിട്ടും ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് ഇനി എത്ര നാൾ എന്നാണ് തൊഴിലാളികളുടെ ചോദ്യം.