< Back
Kerala
കൊച്ചി സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് നോട്ടീസ്; ജപ്തിയെന്ന് മുന്നറിയിപ്പ്
Kerala

കൊച്ചി സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് നോട്ടീസ്; ജപ്തിയെന്ന് മുന്നറിയിപ്പ്

Web Desk
|
16 Sept 2025 7:26 AM IST

നഷ്ടപരിഹാരത്തുകയില്‍ അധികമായത് ഒരു മാസത്തിനകം തിരികെ നല്‍കണം

കൊച്ചി: എറണാകുളം കളമശേരിയില്‍ സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡിനായി സ്ഥലം വിട്ട് കൊടുത്തവരെ പ്രതിസന്ധിയിലാക്കി റവന്യൂവകുപ്പ്. ലഭിച്ച നഷ്ടപരിഹാരത്തുകയില്‍ അധികമായത് ഒരു മാസത്തിനകം തിരികെ നല്‍കണമെന്ന് നിര്‍ദേശം.

ജപ്തി നടപടികള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും നോട്ടീസിലുണ്ട്. നോട്ടീസിന്റെ പകര്‍പ്പ് മീഡിയ വണിന് ലഭിച്ചു. സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിനായി സ്ഥലം വിട്ടു നല്‍കിയ ഇരുപതോളം പേര്‍ക്കാണ് റവന്യൂ വകുപ്പിന്റെ നോട്ടീസ് ലഭിച്ചിരിക്കുന്നത്. നഷ്ടപരിഹാരമായി അധിക തുക കൈപ്പറ്റിയെന്നും ഉടന്‍ തിരിച്ചു നല്‍കണമെന്നുമാണ് നിര്‍ദേശം.

കൊച്ചി തുറമുഖം മുതല്‍ നെടുമ്പാശേരി വിമാനത്താവളം വരെ 30 കിലോമീറ്റര്‍ നാല് വരി പാതയായി വിഭാവനം ചെയ്തതാണ് സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്. ഒട്ടേറെ പ്രതിസന്ധികളും നിയമ പോരാട്ടങ്ങളും ഉണ്ടായി. കരിങ്ങാച്ചിറ മുതല്‍ കളമശേരി വരെ 13 കിലോമീറ്റര്‍ ഒന്നാം ഘട്ടത്തിലും എയര്‍പോര്‍ട്ട് രെയുള്ള 17 കിലോമീറ്റര്‍ രണ്ടാം ഘട്ടത്തിലും പൂര്‍ത്തിയാക്കുക ആയിരുന്നു ലക്ഷ്യം.

1894 ലെ നിയമപ്രകാരമാണ് ഭൂമി ഏറ്റെടുത്തത് എന്നും 2013 ല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ നഷ്ടപരിഹാരം കണക്കാക്കുന്നതില്‍ വ്യത്യാസമുണ്ടായെന്നുമാണ് ഔദ്യോഗിക വിശദീകരണം. സര്‍ക്കാര്‍ തലത്തില്‍ നയപരമായ തീരുമാനമുണ്ടാകണമെന്ന ആവശ്യവും നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്.

Similar Posts