< Back
Kerala
പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ട് എൻഎസ്എസും എസ്എൻഡിപിയും
Kerala

പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ട് എൻഎസ്എസും എസ്എൻഡിപിയും

ശരത് ഓങ്ങല്ലൂർ
|
18 Jan 2026 2:30 PM IST

എൻഎസ്എസിനും എസ്എൻഡിപിക്കും എതിരെ താൻ സംസാരിച്ചിട്ടില്ലെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ലക്ഷ്യം വെച്ച് എൻഎസ്എസും എസ്എൻഡിപിയും. വർഗീയതക്കെതിരെ പോരാടുമെന്ന് പറയാൻ സതീശന് ഒരു അർഹതയും ഇല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞു. ഇന്നലെ പൂത്ത തകരയാണ് സതീശൻ എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിമർശനം. എന്നെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്, എനിക്ക് ജനങ്ങളിലാണ് വിശ്വാസമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

തദേശ തെരഞ്ഞെടുപ്പിൽ വലിയ വിജയം യുഡിഎഫ് നേടിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ വലിയ വിജയം പ്രവചിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ആൾക്കെതിരെ എൻഎസ്എസും എസ്എൻഡിപിയും ഒറ്റക്കെട്ടായി രംഗത്തുവന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

സുകുമാരൻ നായർ വി.ഡി സതീശനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. 'സമുദായത്തിന്റെ പിന്തുണ നേടി വിജയിച്ച ശേഷം പിന്നീട് സമുദായ നേതാക്കളുടെ പിന്തുണ തിണ്ണ നിരങ്ങില്ലെന്ന് പറഞ്ഞു. സതീശന് അത് പറയാൻ അർഹതയില്ല. കഴിഞ്ഞ തവണയും വന്ന് സഹായം തേടി സതീശൻ എത്തി. ഒന്നര മണിക്കൂർ ഈ തിണ്ണയിൽ ഇരുന്നു. യൂണിയൻ നേതാക്കളെ വിളിച്ച് സഹായം നൽകണമെന്ന് പറഞ്ഞു. എന്റെ പിന്നിൽ രമേശ് ചെന്നിത്തലയല്ല. ചെന്നിത്തല ഇവിടെ വന്നിട്ട് എത്രയോ കാലമായി. സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണ്.' എന്നും സുകുമാരൻ നായർ പറഞ്ഞു. സതീശൻ ഇന്നലെ പൂത്ത തകരയെന്നാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. എസ്എൻഡിപിയെയും ഈഴവനെയും തകർക്കാനാണ് സതീശന്റെ ശ്രമമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

വിമർശനങ്ങളോട് രൂക്ഷ പ്രതികരണത്തിന് വി.ഡി സതീശൻ തയ്യാറായില്ല. ' എൻഎസ്എസിനും എസ്എൻഡിപിക്കും എതിരെ താൻ സംസാരിച്ചിട്ടില്ല. വർഗീയ പറയരുത് എന്ന് മാത്രമേ താൻ പറഞ്ഞിട്ടുള്ളൂ. പെരുന്നയിൽ താൻ പലതവണ പോയിട്ടുണ്ട്. എല്ലാ സമുദായ നേതാക്കളെയും കാണുന്നയാളാണ് താൻ. ഒരു സമുദായ നേതാവിനെയും കാണില്ല എന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല. വർഗീയത ആര് പറഞ്ഞാലും വെള്ളം ചേർക്കാത്ത നിലപാട് എടുക്കും. സമൂഹത്തിൽ ഭിന്നത ഉണ്ടാകരുത് എന്നതാണ് കോൺഗ്രസ് നിലപാട് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Similar Posts