< Back
Kerala
വിവാദങ്ങൾക്കിടെ എൻഎസ്എസ് പൊതുയോഗം ഇന്ന്

PHOTO/SPECIAL ARRANGEMENT

Kerala

വിവാദങ്ങൾക്കിടെ എൻഎസ്എസ് പൊതുയോഗം ഇന്ന്

Web Desk
|
27 Sept 2025 7:02 AM IST

സർക്കാർ അനുകൂല നിലപാട് വ്യക്തമാക്കിയ ജി.സുകുമാരൻ നായരുടെ നിലപാടിനെതിരെ യോഗത്തിൽ വിമർശനം ഉയരുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്

കോട്ടയം: രാഷ്ട്രീയ വിവാദങ്ങൾക്കിടെ എൻഎസ്എസ് പൊതുയോഗം ഇന്ന് പെരുന്നയിലെ ആസ്ഥാനത്ത് ചേരും. രാവിലെ 11 മണിക്ക് പ്രതിനിധി സഭാ മന്ദിരത്തിലാണ് യോഗം. 2024 - 25 വർഷത്തെ ബജറ്റുമായി ബന്ധപെട്ട നടപടി ക്രമങ്ങളാണ് യോഗത്തിന്റെ അജണ്ട.

സമദൂരം വെടിഞ്ഞ് സർക്കാർ അനുകൂല നിലപാട് വ്യക്തമാക്കിയ ജി.സുകുമാരൻ നായരുടെ നിലപാടിനെതിരെ യോഗത്തിൽ വിമർശനം ഉയരുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. എന്നാൽ അജണ്ടയ്ക്കു പുറത്തുള്ള കാര്യങ്ങൾ പരിഗണിക്കാൻ സാധ്യതയില്ല. ആഗോള അയ്യപ്പ സംഗമത്തിനു ശേഷമാണ് സുകുമാരൻ നായർ സർക്കാരിനെ പുകഴ്ത്തി രംഗത്തുവന്നത്. പിന്നാലെ വിവിധ എൻഎസ്എസ് കരയോഗങ്ങൾ പ്രതിഷേധം പരസ്യമാക്കിയിരുന്നു.

അതേസമയം, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ല നായർ സർവീസ് സൊസൈറ്റിയുടെ നിലപാടെന്നാണ് സുകുമാരൻ നായർ വിവാദങ്ങളോട് പ്രതികരിച്ചിരുന്നത്. സാമൂഹിക സംഘടനയെന്ന നിലയിലാണ് സർക്കാരുമായി സഹകരിക്കുന്നതെന്നും കോൺഗ്രസ് പ്രതിനിധികൾ ആരും കൂടിക്കാഴ്ചക്ക് അനുമതി ചോദിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

തെറ്റുണ്ടായാൽ ചൂണ്ടിക്കാട്ടും, ശരിയെങ്കിൽ അംഗീകരിക്കുകയും ചെയ്യും. കാശുകൊടുത്താൽ ആർക്കും പേരുവെക്കാതെ ബാനർ അടിക്കാമെന്നുമാണ് മീഡിയവണിന് നൽകിയ പ്രതികരണത്തിൽ സുകുമാരൻ നായർ വ്യക്തമാക്കിയത്.

Similar Posts