< Back
Kerala
അയ്യപ്പ സംഗമത്തിൽ നിന്ന് വിട്ടു നിന്നത് ശരിയായില്ല; യുഡിഎഫിനെയും ബിജെപിയെയും  വെട്ടിലാക്കി എന്‍എസ്എസ്
Kerala

'അയ്യപ്പ സംഗമത്തിൽ നിന്ന് വിട്ടു നിന്നത് ശരിയായില്ല'; യുഡിഎഫിനെയും ബിജെപിയെയും വെട്ടിലാക്കി എന്‍എസ്എസ്

Web Desk
|
24 Sept 2025 11:12 AM IST

ബദൽ സംഗമത്തിൽ നിന്നും എൻഎസ്എസ് വിട്ടുനിന്നതും ബിജെപിക്ക് തിരിച്ചടിയായി

തിരുവനന്തപുരം: ആഗോള അയപ്പസംഗമത്തിന് പിന്നാലെ ബിജെപിയെയും യുഡിഎഫിനേയും വെട്ടിലാക്കി എൻഎസ്എസ്.അയ്യപ്പ സംഗമത്തിൽ നിന്ന്ബിജെപിയും യുഡിഎഫും വിട്ടു നിന്നത് ശരിയായില്ലെന്നാണ് എൻഎസ്എസ് നിലപാട്. ബദൽ സംഗമത്തിൽ നിന്നും എൻഎസ്എസ് വിട്ടുനിന്നതും ബിജെപിക്ക് തിരിച്ചടിയായി.

എൻഎസ്എസിനെ പ്രകോപിപ്പിക്കാതെ കരുതലോടെ മാത്രം മുന്നോട്ടു പോകാനാണ് യുഡിഎഫ് ആലോചിക്കുന്നത്. അയ്യപ്പസംഗമത്തിലെ എൻഎസ്എസിന്റെ പങ്കാളിത്തം നേട്ടമായാണ് എൽഡിഎഫ് വിലയിരുത്തുന്നത്. എന്നാൽ എന്‍എസ്എസ് പങ്കെടുത്തതിൽ കോൺഗ്രസിന് ആശങ്കയില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

അയ്യപ്പസംഗമത്തിൽ എൻഎസ്എസ് നിലപാട് സ്വാഗതാർഹമെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ.എല്ലാ അർത്ഥത്തിലും സർക്കാർ എടുത്ത നിലപാട് ശരിയാണെന്ന് സ്ഥിരീകരിക്കുന്നതാണ് സുകുമാരൻ നായരുടെ പ്രതികരണം. എൻഎസ്എസ് ഒരിക്കലും സർക്കാരിനെ എതിർത്തിട്ടില്ല. പ്രശ്നാധിഷ്ഠിതമായി കാര്യങ്ങൾ പറയുന്നത് നിലപാടാണെന്നും മന്ത്രി പ്രതികരിച്ചു. എൻഎസ്എസ് കൃത്യമായ അഭിപ്രായം രേഖപ്പെടുത്തുകയും പിന്തുണയ്ക്കുകയും ചെയ്തു.സന്തോഷകരമായ സമീപനമാണ് സുകുമാരൻ നായർ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

ശബരിമലയുടെ കാര്യത്തിൽ സർക്കാറിനെ പിന്തുണച്ച എൻഎസ്എസിന്റെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. എൻഎസ്എസ് എക്കാലവും സർക്കാർ വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടില്ല, വിഷയാധിഷ്ഠിതമായാണ് നിലപാട് സ്വീകരിച്ചിട്ടുള്ളത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് മാറ്റിയെന്ന് മനസ്സിലാക്കിയാണ് എൻഎസ്എസ് ഇപ്പോൾ സർക്കാറിനൊപ്പം നിൽക്കുന്നത് ഇത് ശരിയായ നിലപാടാണ്. എൻഎസ്എസിന്റെ ഇപ്പോഴത്തെ നിലപാട് സർക്കാരിനുള്ള പിന്തുണയ്ക്കുകയാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

വിഡിയോ റിപ്പോര്‍ട്ട് കാണാം...

Similar Posts