< Back
Kerala
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; വ്യക്തിസ്വാതന്ത്ര്യത്തിന് നേരെയുള്ള ഭരണകൂടത്തിൻ്റെ കയ്യേറ്റമെന്ന് പി.മുജീബുറഹ്മാൻ
Kerala

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; വ്യക്തിസ്വാതന്ത്ര്യത്തിന് നേരെയുള്ള ഭരണകൂടത്തിൻ്റെ കയ്യേറ്റമെന്ന് പി.മുജീബുറഹ്മാൻ

Web Desk
|
28 July 2025 9:06 AM IST

അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് ഉടൻ നീതി ലഭ്യമാക്കണം

കോഴിക്കോട്: ഛത്തീസ്ഗഡിൽ അന്യായമായി കന്യാസ്ത്രീകളെ ആൾകൂട്ട വിചാരണയ്ക്ക് ശേഷം അറസ്റ്റ് ചെയ്ത നടപടി വ്യക്തിസ്വാതന്ത്ര്യത്തിന് നേരെയുള്ള ഭരണകൂടത്തിൻ്റെ കയ്യേറ്റമാണെന്ന് ജമാഅത്തെ ഇസ്‍ലാമി അമീര്‍ പി.മുജീബുറഹ്മാൻ.അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് ഉടൻ നീതി ലഭ്യമാക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഛത്തീസ്ഗഡിൽ അന്യായമായി കന്യാസ്ത്രീകളെ ആൾകൂട്ട വിചാരണയ്ക്ക് ശേഷം അറസ്റ്റ് ചെയ്ത നടപടി വ്യക്തിസ്വാതന്ത്ര്യത്തിന് നേരെയുള്ള ഭരണകൂടത്തിൻ്റെ കയ്യേറ്റമാണ്. അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് ഉടൻ നീതി ലഭ്യമാക്കണം. രാജ്യത്താകമാനം തുടരുന്ന ന്യൂനപക്ഷ വേട്ടയുടെ തുടർച്ചയാണ് ചത്തീസ്ഗഢ് പോലിസിൻ്റെ നടപടി. സ്വന്തം മതാചാരങ്ങൾ അനുഷ്ഠിക്കാനുള്ള ഭരണഘടനാ അവകാശമാണ് നിരാകരിക്കപ്പെടുന്നത്.

മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മത ന്യൂനപക്ഷങ്ങൾക്കെതിരെ നടപടിയെടുക്കുന്നതും പ്രചാരണം നടത്തുന്നതും ഇതാദ്യമല്ല. രാജ്യത്തിൻ്റെ പല ഭാഗത്തും ഇതാവർത്തിക്കുന്നു. കേന്ദ്ര, ചത്തിസ്ഗഡ് സർക്കാരുകളുടെ ഫാഷിസ്റ്റ് നടപടിക്കെതിരെ എല്ലാവരും രംഗത്തുവരേണ്ട സന്ദർഭമാണിത്.

അതേസമയം ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ദുര്‍ഗ് ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. വെള്ളിയാഴ്ചയാണ് മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തത്.

വന്ദന ഫ്രാന്‍സിസ്, പ്രീതി മേരി എന്നിവരെയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വച്ച് റയില്‍വേ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. സഭയുടെ കീഴിലെ സ്ഥാപനങ്ങളിലേക്ക് മൂന്ന് പെണ്‍കുട്ടികളെ ജോലിക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് എന്നാണ് വിവരം. നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Similar Posts