< Back
Kerala
സജീഷും പ്രതിഭയും വിവാഹിതരായി; സാക്ഷികളായി റിതുലും സിദ്ധാർത്ഥും
Kerala

സജീഷും പ്രതിഭയും വിവാഹിതരായി; സാക്ഷികളായി റിതുലും സിദ്ധാർത്ഥും

Web Desk
|
29 Aug 2022 3:35 PM IST

നിപ രോഗികളെ പരിചരിക്കുന്നതിനിടെ രോഗം ബാധിച്ച് 2018 മെയ് 21 നാണ് സിസ്റ്റര്‍ ലിനി മരിക്കുന്നത്

കോഴിക്കോട്: സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് വീണ്ടും വിവാഹിതനായി. കൊയിലാണ്ടി സ്വദേശിനി പ്രതിഭയാണ് വധു. വടകര ലോകനാർ കാവ് ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.

എല്ലാവർക്കും നന്ദിയറിച്ച് വിവാഹ ഫോട്ടോ സജീഷ് ഫേസ്ബുക്കിൽ പങ്കുവെച്ചു.ലോകനാർ കാവിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായിരുന്നു ചടങ്ങുകൾ.മക്കളായ റിതുലിനും സിദ്ധാർത്ഥിനും ഒപ്പം പ്രതിഭയുടെ മകൾ ദേവപ്രിയയും ചടങ്ങിന് സാക്ഷ്യം വഹിച്ചു. വീണ്ടും വിവാഹിതനാകുന്ന കാര്യം സജീഷ് തന്നെയാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

'ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. റിതുലിനും സിദ്ധാർഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്ത് 29ന് വടകര ലോകനാർ കാവ് ക്ഷേത്രത്തിൽ വെച്ച് ഞങ്ങൾ വിവാഹിതരാവുകയാണ്. ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്‌നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം'..എന്നായിരുന്നു സജീഷ് വിവാഹ വാർത്ത പങ്കുവെച്ച് ഫേസ്ബുക്കിൽ കുറിച്ചത്. മുൻ ആരോഗ്യമന്ത്രി ശൈലജ ടീച്ചറടക്കം നിരവധി പേരാണ് സജീഷിന് ആശംസകൾ നേർന്നത്.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായി ജോലി ചെയ്യുന്നതിനിടെയാണ് 2018 മെയ് 21 ലിനി നിപ വൈറസ് ബാധിച്ച് മരിക്കുന്നത്. വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് ലിനിയുടെ മൃതദേഹം ബന്ധുക്കൾക്കു പോലും വിട്ടുകൊടുക്കാതെയാണ് സംസ്‌കരിച്ചത്. ലിനി മരണത്തിന് കീഴടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഭർത്താവ് സജീഷിന് എഴുതിയ കത്തും മലയാളികളെ കണ്ണു നീരണിയിച്ചിരുന്നു. ഇനി കാണാൻ പറ്റുമെന്ന് തോന്നുന്നില്ലെന്നും മക്കളെ നല്ല പോലെ നോക്കണമെന്നും ലിനി കത്തിലെ ഇടറിയ വരികളിലുടെ ഭർത്താവ് സജീഷിനോട് ആവശ്യപ്പെട്ടിരുന്നു.


Similar Posts