< Back
Kerala
സംസ്ഥാനത്ത് ജല വൈദ്യുത പദ്ധതികൾക്കുള്ള തടസ്സങ്ങൾ നീങ്ങുന്നു; വനം വകുപ്പ് അനുമതി വേഗത്തിലാക്കാൻ ധാരണ
Kerala

സംസ്ഥാനത്ത് ജല വൈദ്യുത പദ്ധതികൾക്കുള്ള തടസ്സങ്ങൾ നീങ്ങുന്നു; വനം വകുപ്പ് അനുമതി വേഗത്തിലാക്കാൻ ധാരണ

Web Desk
|
28 Dec 2022 6:27 AM IST

800 മെഗാ വാട്ട് ശേഷിയുള്ള ഇടുക്കി എക്‌സ്റ്റെൻഷൻ പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഒന്നാംഘട്ട പാരിസ്ഥിതിക അനുമതി ലഭിച്ചിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങിക്കിടന്ന ജല വൈദ്യുത പദ്ധതികൾക്കുള്ള തടസ്സങ്ങൾ നീങ്ങുന്നു. പദ്ധതികൾക്കാവശ്യമായ വനം വകുപ്പിന്റെ അനുമതി വേഗത്തിലാക്കാൻ ധാരണയായി. വനം-വൈദ്യുതി വകുപ്പ് മന്ത്രിമാർ ഇത് സംബന്ധിച്ച് ചർച്ച നടത്തി.

800 മെഗാ വാട്ട് ശേഷിയുള്ള ഇടുക്കി എക്‌സ്റ്റെൻഷൻ പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഒന്നാംഘട്ട പാരിസ്ഥിതിക അനുമതി ലഭിച്ചിരുന്നു. അടുത്ത ഘട്ടം കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെയും, ജല കമ്മീഷന്റെയും, പരിസ്ഥിതി മന്ത്രാലയത്തിന്റെയും നിബന്ധനകൾ നിറവേറ്റുന്നതാണ്. ഇതിന് വനം വകുപ്പിന്റെ അനുമതി വേണം. ഇതിനായി പരിവേഷ് പോർട്ടലിൽ അപേക്ഷിക്കാൻ കെ.എസ്.ഇ.ബിക്ക് നിർദേശം ലഭിച്ചു.

ആനക്കയം, മാരിപ്പുഴ, മാങ്കുളം, കുറ്റ്യാടി ഒഗ്മെന്റേഷൻ, തോട്ടിയാർ, അപ്പർ ചെങ്കുളം തുടങ്ങിയ ജലവൈദ്യുത പദ്ധതികൾക്കാവശ്യമായ വനം വകുപ്പിന്റെ അനുമതിയും സമയബന്ധിതമായി നൽകും. 110 കെ വി കളപ്പെട്ടി - നെന്മാറ, 110 കെ.വി ആറ്റിങ്ങൽ - പാലോട്, 220 കെ.വി പള്ളിവാസൽ - ആലുവ എന്നീ പ്രസരണ ലൈനുകളുടെ നിർമാണത്തിനുള്ള അനുമതിയും കാലതാമസമില്ലാതെ നൽകാമെന്ന് വനം വകുപ്പ് യോഗത്തിൽ അറിയിച്ചു. കക്കയം ഹൈഡൽ ടൂറിസം പദ്ധതി വനംവകുപ്പും ഹൈഡൽ ടൂറിസവും ചേർന്ന് വരുമാനം പങ്കിടൽ വ്യവസ്ഥയിൽ നടത്തുന്ന കാര്യം തുടർ ചർച്ചയിലൂടെ തീരുമാനിക്കും.

Similar Posts