< Back
Kerala
ഒളിംപ്യൻ ശ്രീജേഷിന് മന്ത്രി പി. രാജീവിന്‍റെ ഓണസമ്മാനം
Kerala

ഒളിംപ്യൻ ശ്രീജേഷിന് മന്ത്രി പി. രാജീവിന്‍റെ ഓണസമ്മാനം

ijas
|
20 Aug 2021 6:03 PM IST

ഹാൻഡി ക്രാഫ്റ്റ്സ് ഡെവലപ്മെന്‍റ് കോർപ്പറേഷൻ്റെ കോടി മുണ്ടും കഥകളി രൂപവുമാണ് മന്ത്രി ശ്രീജേഷിന് സമ്മാനമായി നൽകിയത്

ഒളിംപിക്സ് മെഡൽ നേട്ടം ഇന്ത്യക്ക് സമ്മാനിച്ച മലയാളത്തിൻ്റെ അഭിമാനമായ ഹോക്കി താരം ഒളിംപ്യൻ ശ്രീജേഷിന് ഓണസമ്മാനവുമായി മന്ത്രി പി.രാജീവ്. ശ്രീജേഷിൻ്റെ വീട്ടിലെത്തിയ മന്ത്രി ഓണസമ്മാനം കൈമാറി. തൻ്റെ കൈയ്യൊപ്പോടു കൂടിയ ഹോക്കി സ്റ്റിക്ക് ശ്രീജേഷ് മന്ത്രിക്കും സമ്മാനമായി നൽകി. മുഖ്യമന്ത്രിയുടെയും സർക്കാരിൻ്റെയും ഓണാശംസകൾ മന്ത്രി ശ്രീജേഷിനെയും കുടുംബത്തെയും അറിയിച്ചു.

സ്പോർട്സിൽ മികവ് പുലർത്തുന്നവർക്ക് സർക്കാർ സർവീസിൽ ജോലി നൽകുമ്പോൾ അവരെ കായിക മേഖലയുടെ പ്രോത്സാഹനത്തിന് വിനിയോഗിക്കണമെന്ന് ശ്രീജേഷ് ചൂണ്ടിക്കാട്ടി. സ്പോർട്സ് ട്രെയിനിംഗ് സ്കൂളുകൾ പോലുള്ള സ്ഥാപനങ്ങളിൽ ഇവരുടെ സേവനം പ്രയോജനപ്പെടുത്തണം. ഇക്കാര്യം കായിക വകുപ്പ് മന്ത്രിയുടെയും സർക്കാരിൻ്റെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. മഹാരാജാസ് കോളേജ് ഗ്രൗണ്ടിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

തനിക്ക് ലഭിച്ച ഏറ്റവും വലിയ ഓണസമ്മാനമാണിതെന്ന് ശ്രീജേഷ് പറഞ്ഞു. വലിയ അഭിമാനമാണ് മന്ത്രി വീട്ടിലെത്തിയപ്പോഴും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് തന്നെ വിളിച്ചപ്പോഴും തോന്നിയതെന്നും ശ്രീജേഷ് പറഞ്ഞു. പി.വി. ശ്രീനിജിൻ എം.എൽ.എയ്ക്കും ശ്രീജേഷ് ഹോക്കി സ്റ്റിക്ക് സമ്മാനമായി നൽകി. ഹാൻഡി ക്രാഫ്റ്റ്സ് ഡെവലപ്മെന്‍റ് കോർപ്പറേഷൻ്റെ കോടി മുണ്ടും കഥകളി രൂപവുമാണ് മന്ത്രി സമ്മാനമായി നൽകിയത്.

Similar Posts