
കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിൽ
|മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദാണ് പിടിയിലായത്
കോഴിക്കോട്: കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിൽ. മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദാണ് ഡാൻസാഫിന്റെ പിടിയിലായത്. പ്രതിയുടെ കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു.
ഡാന്‍സാഫ് സംഘത്തിനും ഫറോക്ക് പൊലീസിനും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇയാൾ ബംഗളൂരുവിൽ നിന്ന് ലഹരിയെത്തിച്ചുവെന്നാണ് വിവരം. പൊലീസ് പരിശോധനക്കെത്തിയതറിഞ്ഞ് കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കോഴിക്കോട് നഗരത്തില്‍ നിന്നും ഡാന്‍സാഫ് സംഘം പിടികൂടുന്ന ആറാമത്തെ ലഹരിവേട്ടയാണിത്. ഓണം പ്രമാണിച്ചാണ് ഇത്തരത്തില്‍ ലഹരിയെത്തുന്നതെന്നും നഗരത്തിൽ ശക്തമായ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം തിരുവനന്തപുരത്ത് 58 ഗ്രാം എംഡിഎംഎയുമായി മൂന്നുപേർ പിടിയിലായി. ബംഗളൂരുവിൽ നിന്ന് എത്തിച്ച എംഡിഎംഎയാണ് ഡാൻസാഫ് സംഘം പിടികൂടിയത്. അറസ്റ്റിലായവർ നേരത്തെയും ലഹരി കടത്ത് കേസിലെ പ്രതികളാണെന്ന് ഡാൻസാഫ് അറിയിച്ചു.