< Back
Kerala
ആഗോളതലത്തിൽ പത്ത് പേരിൽ ഒരാൾ; ജർമൻ സർവകലാശാലയിൽ നിന്ന് ഒരു കോടിയുടെ ഫെലോഷിപ്പ് നേട്ടവുമായി ഡോ. മാളവിക ബിന്നി

Photo|Facebook

Kerala

ആഗോളതലത്തിൽ പത്ത് പേരിൽ ഒരാൾ; ജർമൻ സർവകലാശാലയിൽ നിന്ന് ഒരു കോടിയുടെ ഫെലോഷിപ്പ് നേട്ടവുമായി ഡോ. മാളവിക ബിന്നി

Web Desk
|
20 Oct 2025 11:01 AM IST

ഫെലോഷിപ്പിനായി ഇന്ത്യയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാണ് മാളവിക

കൊച്ചി: ജർമനിയിലെ ഹംബോൾട്ട് സർവകലാശാലയിൽ നിന്നും ഒരു കോടി രൂപയുടെ ഇൻഹെറിറ്റ് ഫെലോഷിപ്പ് കരസ്ഥമാക്കി തൃപ്പൂണിത്തറ സ്വദേശി. കണ്ണൂർ സർവകലാശാലയിലെ ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. മാളവിക ബിന്നിയെ ജർമ്മനിയിലെ ബെർലിനിലുള്ള പ്രശസ്ത ഹംബോൾട്ട് സർവകലാശാലയിലെ കേറ്റ് ഹാംബർഗർ സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡിയിൽ 2026-2027 വർഷത്തേക്കുള്ള ഇന്ത്യയിലെ 'ഇൻഹെറിറ്റ് ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ടത്. ആഗോള തലത്തിൽ പത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് ഈ ഫെലോഷിപ്പിനുള്ള അവസരം ലഭിച്ചിരിക്കുന്നത്. ഇതിൽ ഇന്ത്യയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാണ് മാളവിക.

ജാതിയും ഭൗതീകതയും പൈതൃകവും തമ്മിലുള്ള ബന്ധത്തെ ക്രിട്ടിക്കൽ കാസ്റ്റ് സ്റ്റഡീസ് എന്ന നവീന അക്കാദമിക സമീപനത്തിലൂടെ വിശകലനം ചെയ്യുന്ന ഗവേഷണ പഠനമാണ് അവരെ ഈ ആഗോള ബഹുമതിക്ക് അർഹയാക്കിയത്. ഭൗതിക വസ്തുക്കൾ ജാതീയതയുമായി എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്ന എന്നത് ആഴത്തിലുള്ള പഠനങ്ങൾ നടക്കാത്ത മേഖലയാണ്. ജാതി-മത ചിഹ്നങ്ങൾക്കപ്പുറം നിത്യജീവിത്തിൽ നാം കാണുന്ന പല വസ്തുക്കൾക്കും ജാതീയതയുമായി ബന്ധപ്പെട്ട ചരിത്രമുണ്ടന്നത് തെളിയുന്നതാണ് മാളവികയുടെ പഠനം. ഇതോടൊപ്പം തന്നെ ലിംഗഭേദവും പൈതൃകവും ഭൗതികതയും എത്തരത്തിൽ ബന്ധപ്പെട്ടുകിടക്കുന്നു എന്നതും മാളവികയുടെ പഠനത്തിന്റെ ഭാഗമാണ്.

'ഗോഡസസ് ഓഫ് സൗത്ത് ഏഷ്യ; ട്രഡീഷൻസ് ആൻഡ് ട്രാൻസ്‌ഫോർമേഷൻസ്' എന്ന കൃതിയുടെ സഹ എഡിറ്ററും പ്രസിദ്ധീകരിക്കാനിരിക്കുന്ന പോളിഫോണിക് ആയുർവേദ' എന്ന കൃതിയുടെ രചയിതാവുമാണ് മാളവിക. ജവാഹർലാൽ നെഹ്‌റു സർവകലാശാലയിലെ പിഎച്ച്ഡി പഠനത്തിനിടെ വിസിറ്റിംങ് പിഎച്ച്ഡിക്ക് ഇറാസ്മസ് മുണ്ടസ് ഫെലോഷിപ്പും കേരള ഹിസ്റ്ററി കോൺഗ്രസ് ഏർപ്പെടുത്തിയ ഇളംകുളം കുഞ്ഞൻ പിള്ള യംങ് ഹിസ്റ്റോറിയൻ അവാർഡും നേടിയിട്ടുണ്ട്. കേരള ഹിസ്റ്ററി കോൺഗ്രസ് എക്‌സിക്യൂട്ടീവ് അംഗവുമാണ്. മാന്നാനം കെഇ കോളജിലെ ചരിത്രവിഭാഗം അധ്യാപകനായ ടിനു ജോസഫാണ് ഭർത്താവ്.

2024-ൽ യു.എസ് കോൺസുലേറ്റ് സംഘടിപ്പിച്ച ഇന്റർനാഷണൽ വിസിറ്റർ ലീഡർഷിപ് പ്രോഗ്രാമിലേക്കും അവർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ 2024 ലെ പ്രാഥമിക ജൂറിയിലും കേരള സാഹിത്യ അക്കാദമിയുടെ നോൺ-ഫിക്ഷൻ വിഭാഗത്തിലെ ജൂറിയിലും അവർ അംഗമായിരുന്നു. ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ (2023-2025) എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ അംഗം എന്ന നിലയിൽ, അവർ ദേശീയ തലത്തിലുള്ള ചരിത്രപഠന രംഗത്ത് സജീവ സാന്നിധ്യമാണ്. കൂടാതെ, കേരള ഹിസ്റ്ററി കോൺഗ്രസിന്റെ എക്‌സിക്യൂട്ടീവ് അംഗവുമാണ്. ലോകമെമ്പാടുമുള്ള ഇരുപതിലധികം രാജ്യങ്ങളിൽ അക്കാദമിക് പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഡോ. മാളവിക, ദക്ഷിണേഷ്യൻ ചരിത്രപഠനങ്ങളിൽ പുതിയ ഗവേഷണവീക്ഷണങ്ങൾക്ക് വഴി തുറന്നെടുത്ത വ്യക്തിത്വമായി വിലയിരുത്തപ്പെടുന്നു.

Similar Posts