< Back
Kerala
പുന്നമടക്കായലില്‍ തുഴയെറിഞ്ഞ് രാഹുല്‍ ഗാന്ധി; വീഡിയോ
Kerala

പുന്നമടക്കായലില്‍ തുഴയെറിഞ്ഞ് രാഹുല്‍ ഗാന്ധി; വീഡിയോ

Web Desk
|
20 Sept 2022 1:15 PM IST

പദയാത്ര കടന്നുപോകാത്ത ഇടുക്കി ജില്ലയിലെ പ്രവർത്തകരും ഇന്ന് ആലപ്പുഴയിൽ പങ്കെടുക്കും

ആലപ്പുഴ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 13-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആലപ്പുഴയിലെ പര്യടനം ഇന്ന് അവസാനിക്കും. നാലാം ദിവസമായ ഇന്നത്തെ പദയാത്ര ചേർത്തല എക്സ്റേ ജംഗ്ഷനിൽ നിന്ന് തുടങ്ങി കുത്തിയതോട് അവസാനിക്കും. വൈകിട്ട് ഏഴിന് അരൂരിലാണ് സമാപനം. ഉച്ചയ്ക്ക് തുറവൂരിൽ കയർ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തും. പദയാത്ര കടന്നുപോകാത്ത ഇടുക്കി ജില്ലയിലെ പ്രവർത്തകരും ഇന്ന് ആലപ്പുഴയിൽ പങ്കെടുക്കും.

പാർട്ടിയുടെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് രാഹുലിന്‍റെ യാത്ര. വന്‍ ജനപങ്കാളിത്തത്തോടെയാണ് യാത്ര കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. രാഹുൽ കേരളത്തിലൂടെ മുന്നേറുമ്പോൾ യാത്രയുടെ ഫോട്ടോകളും വീഡിയോകളും ദിവസവും വൈറലായിക്കൊണ്ടിരിക്കുകയാണ്. പുന്നമടക്കായലില്‍ നടന്ന വള്ളംകളിയില്‍ രാഹുല്‍ തുഴയെറിയുന്ന വീഡിയോ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. വള്ളംകളിയുടെ മുഴുവന്‍ ആവേശവും നെഞ്ചിലേറ്റിയാണ് മറ്റു തുഴക്കാര്‍ക്കൊപ്പം രാഹുല്‍ തുഴയെടുത്തത്.

വിനോദ സഞ്ചാര മേഖലയിലെ സംരംഭകരുമായി കൂടിക്കാഴ്ച നടത്താനായി പുന്നമട ഫിനിഷിംഗ് പോയിന്‍റില്‍ എത്തിയപ്പോഴാണ് രാഹുൽ ചുണ്ടൻ വള്ളം തുഴഞ്ഞത്. രാഹുൽ ഗാന്ധിയെ ഓൾ കേരളാ സ്നേക് ബോട്ടേഴ്സ് അസോസിയേഷനാണ് തുഴച്ചിൽക്കാർക്കൊപ്പം ചുണ്ടൻ വള്ളത്തിലേക്ക് ക്ഷണിച്ചത്. മൂന്ന് ചുണ്ടൻ വള്ളങ്ങൾ ഒരുമിച്ച് പ്രതീകാത്മക മത്സരവും നടന്നു . വള്ളംകളിയുടെ വീഡിയോ രാഹുല്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ഞായറാഴ്ച നടന്ന പദയാത്രക്കിടെ അമ്പലപ്പുഴ ടൗണില്‍ വച്ച് ഒരു കൊച്ചു പെണ്‍കുട്ടിയെ ചെരിപ്പിടാന്‍ സഹായിക്കുന്ന രാഹുലിന്‍റെ വീഡിയോയും വൈറലായിരുന്നു.

Similar Posts