< Back
Kerala
strict controls will continue in Mundakkai disaster areas

File Image

Kerala

മുണ്ടക്കൈ ദുരന്തത്തിന് ഒരാണ്ട്; പുനരധിവാസം ഇപ്പോഴുമകലെ

Web Desk
|
27 July 2025 7:21 AM IST

ടൗൺഷിപ്പിൽ പൂർത്തിയായത് ഒരു വീട് മാത്രമാണ്

വയനാട്: മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായി ഒരു വർഷം പൂർത്തിയാകുമ്പോഴും ദുരിതബാധിതരുടെ പുനരധിവാസം എങ്ങുമെത്തിയില്ല. 772 കോടി രൂപയാണ് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകി വന്നത്. ദുരിത ബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിൽ നിർമാണം പൂർത്തിയത് ഒരു മാതൃകാവീട് മാത്രമാണ്. ദുരന്തത്തിന് ഒരു വർഷത്തിന് ശേഷവും വാടകവീടുകളിൽ താമസം തുടരുകയാണ് ദുരിത ബാധിതർ.

ഒരു ഗ്രാമത്തെയാകെ തുടച്ചുനീക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിന് ഒരു വർഷം തികയുന്നു. കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്തു നിർത്താൻ മലയാളികൾ ഒന്നടങ്കം ഒരുമിച്ചുനിന്നു. താല്ക്കാലിക പുനരധിവാസത്തിന് സൗകര്യമൊരുക്കിയ സർക്കാർ എത്രയും വേഗം സ്ഥിരപുനരധിവാസം വാഗ്ദാനവും ചെയ്തു.

എന്നാൽ സ്ഥിരം പുനരധിവാസം ഇപ്പോഴും അകലെയാണ്. ദുരിതബാധിതർക്കുള്ള ടൗൺഷിപ്പിനായി കൽപറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുത്ത് നിർമാണം തുടങ്ങിയിട്ടേയുള്ളൂ. ദുരിത ബാധിതർക്ക് താല്ക്കാലിക താമസത്തിന് വാടകയും ദിവസം 300 രൂപ എന്ന നിരക്കിൽ സർക്കാർ നല്കുന്നുണ്ട്. എന്നാൽ എന്നുവരെ ഇങ്ങനെ ചിതറിക്കഴിയുമെന്നാണ് ദുരതിബാധിതർ ചോദിക്കുന്നത്.

മുണ്ടക്കൈക്കാരെ പുനരധിവസിക്കുന്നതിലേക്കായി ലോകത്തുള്ള മലയാളികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈ മെയ് മറന്ന് നല്കിയത് 772 കോടി രൂപയാണ്. എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിലുണ്ടായ നിയമകുരുക്കും കാലാവസ്ഥ പ്രശ്‌നങ്ങളുമാണ് വീടു നിർമാണം വൈകുന്നതിന് കാരണമായി സർക്കാർ പറയുന്നത്.

ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിലും ദുരിതബാധിതരുടെ സ്ഥിരപുനരധിവാസം അകലെയാണ് എന്നതാണ് യാഥാർഥ്യം.

Similar Posts