
17,000 രൂപയുടെ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തു; കയ്യില്‍ കിട്ടിയത് പഴയ പൗഡര്‍ ടിന്നുകള്‍
|യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പിന് പിന്നിൽ ഡെലിവറി ജീവനക്കാരനാണെന്ന് കണ്ടെത്തി
ഇടുക്കി: ഓണ്‍ലൈൻ ആപ്പിലൂടെ മൊബൈല്‍ ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് കാലഹരണപെട്ട പൗഡര്‍ ടിന്നുകള്‍. ഇടുക്കി മുണ്ടിയെരുമ സ്വദേശിയായ അഞ്ജനയാണ് തട്ടിപ്പിന് ഇരയായത്. യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പിന് പിന്നിൽ ഡെലിവറി ജീവനക്കാരനാണെന്ന് കണ്ടെത്തി.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അഞ്ജന ഓണ്‍ലൈന്‍ വ്യാപാര സൈറ്റില്‍ നിന്ന് 17,000 രൂപ വില വരുന്ന മൊബൈല്‍ ഫോൺ ഓർഡർ ചെയ്തത്. പാഴ്‌സല്‍ എത്തിയ വിവരം വിളിച്ചറിയിച്ചതോടെ ഡെലിവറി കേന്ദ്രത്തിലെത്തി പാഴ്‌സല്‍ കൈപ്പറ്റുകയും ചെയ്തു. ക്യാഷ് ഓണ്‍ ഡെലിവറി പ്രകാരം 17,000 രൂപയും നല്‍കി.
വീട്ടില്‍ എത്തി കവര്‍ തുറന്നപ്പോഴാണ് തട്ടിപ്പ് മനസിലായത്. സമാനമായ രീതിയില്‍ നെടുങ്കണ്ടം സന്യാസിയോട സ്വദേശികളായ മൂന്ന് പേരും തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തിലും യുവതി പരാതി നല്‍കി. നെടുങ്കണ്ടം പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഡെലിവറി കേന്ദ്രത്തില്‍ നിന്ന് ഉത്പന്നം മാറി നൽകിയതാണെന്ന് കണ്ടെത്തി. ഉൽപന്നത്തിന്‍റെ വില മടക്കി നൽകി കേസൊഴിവാക്കാനുള്ള ശ്രമത്തിലാണ് ഡെലിവറി ജീവനക്കാരൻ.