
ഓപ്പറേഷൻ സൈ-ഹണ്ട്: രണ്ട് വിദ്യാർഥികൾ അടക്കം മൂന്ന് പേർ അറസ്റ്റിൽ
|സൈബർ തട്ടിപ്പിൽ പണം വിദ്യാർഥികളുടെ അക്കൗണ്ടുകളിലേക്കും എത്തുന്നുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്
കൊച്ചി: ഓപ്പറേഷൻ സൈ-ഹണ്ടിൽ അന്വേഷണം വിദ്യാർഥികളിലേക്കും നീളുന്നു. സൈബർ തട്ടിപ്പിൽ പണം വിദ്യാർഥികളുടെ അക്കൗണ്ടുകളിലേക്കും എത്തുന്നുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. രണ്ട് വിദ്യാർഥികൾ അടക്കം മൂന്ന് പേരെ ഇന്ന് കൊച്ചിയിൽ അറസ്റ്റ് ചെയ്തു.
കേരളത്തിൽ വർധിക്കുന്ന സൈബർ തട്ടിപ്പുകൾ കണ്ടെത്തുകയും തടയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കർശന നിരീക്ഷണങ്ങളും പരിശോധനകളും ആണ് കേരളത്തിലുടനീളം തുടരുന്നത്. തട്ടിപ്പിലൂടെ ലഭ്യമാകുന്ന പണം കോളജ് വിദ്യാർത്ഥികളുടെ അക്കൗണ്ടുകളിലേക്ക് എത്തുന്നുണ്ട് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വിദ്യാർത്ഥികൾ അടക്കം മൂന്നുപേരെയാണ് ഇന്ന് കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇവരുടെ അക്കൗണ്ടുകളിൽ നിന്ന് ഇന്നലെ മാത്രം ആറ് ലക്ഷത്തിലേറെ രൂപ പിൻവലിച്ചിട്ടുണ്ട് എന്ന് പൊലീസ് പറഞ്ഞു.
ഗെയിമിങ്ങിലൂടെ പണം ലഭ്യമാക്കാം എന്ന് കമ്പളിപ്പിച്ചാണ് തട്ടിപ്പ് സംഘം വിദ്യാർഥികളെ സമീപിക്കുന്നത്. വിദ്യാർഥികളുടെ അക്കൗണ്ടുകൾ നിയന്ത്രിക്കുന്ന ആളുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും. കോളജുകൾ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്താനും പൊലീസ് ആലോചിക്കുന്നുണ്ട്.