< Back
Kerala
വന്യ ജീവി ശല്യത്തിന് പരിഹാരം കാണണമെന്ന് പ്രതിപക്ഷം; വിഷയം ഇരുതലമൂർച്ചയുള്ള വാളെന്ന് വനംമന്ത്രി
Kerala

വന്യ ജീവി ശല്യത്തിന് പരിഹാരം കാണണമെന്ന് പ്രതിപക്ഷം; വിഷയം ഇരുതലമൂർച്ചയുള്ള വാളെന്ന് വനംമന്ത്രി

Web Desk
|
7 Oct 2021 11:01 AM IST

മനുഷ്യ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനൊപ്പം വന്യജീവി സംരക്ഷണവും പ്രധാനപ്പെട്ടതാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു

വനാതിർത്തി പ്രദേശങ്ങളിലെ വന്യ ജീവി ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്. പേരാവൂർ എംഎല്‍എ സണ്ണി ജോസഫാണ് നോട്ടിസ് നൽകിയത്. വിഷയം ഇരുതലമൂർച്ചയുള്ള വാളാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

"പ്രശ്നം അതീവ ഗുരുതരമാണ്. വിഷയത്തിൽ ആറ് ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. 6 മാസം കൊണ്ട് 125 പേർ കാട്ടാന അക്രമണത്തിൽ മരണപ്പെട്ടു. ചാലക്കുടി ഫോറസ്റ്റ് ഡിവിഷനിൽ മാത്രം 6 പേരുടെ ജീവൻ നഷ്ടമായി. നടപടികൾ പേരിന് മാത്രമായി ഒതുങ്ങുന്നു. വന്യജീവി ആക്രമണത്തിന് നഷ്ടപരിഹാരം മോട്ടോർ വാഹന ക്ലൈം രീതിയിൽ നടപ്പാക്കണം. പ്രായം, ജോലി എന്നിവ നോക്കി നഷ്ടപരിഹാരം നൽകണം. കൃഷി നശിച്ചവർക്ക് രണ്ടുവർഷമായി നഷ്ട പരിഹാരം നൽകുന്നില്ല. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ കാര്യം ചർച്ച ചെയ്യണം. മുഖ്യമന്ത്രി ധനവന വകുപ്പുകളുടെ യോഗം വിളിക്കണം."- അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിക്കൊണ്ട് സണ്ണി ജോസഫ് പറഞ്ഞു.

മനുഷ്യ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനൊപ്പം വന്യജീവി സംരക്ഷണവും പ്രധാനപ്പെട്ടതാണെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു. മൃഗങ്ങളെ വെടിവെച്ച് കൊല്ലുന്നത് ശാശ്വത പരിഹാരമല്ല. ഒമ്പത് ജില്ലകളിലെ വനാർതിർത്തിയിലുള്ള എംഎല്‍എമാരുമായി ചർച്ച നടത്തിയെന്നും മന്ത്രി മറുപടി നൽകി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

ആനത്താര പുനസ്ഥാപിക്കണമെന്നും സമഗ്ര മാനേജ്മെന്‍റ് പ്ളാൻ വേണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീഷന്‍ ആവശ്യപ്പെട്ടു. വന്യജീവികളുടെ എണ്ണം കൂടുകയും വനം ഇല്ലാത്തതുമായ അവസ്ഥയാണ് നിലവിലെ പ്രശ്നം. നഷ്ടപരിഹാരത്തുക വർധിപ്പിക്കുകയും സ്പെഷ്യൽ ഇൻഷുറൻസ് സ്കീം ഉണ്ടാക്കുകയും വേണം. വനത്തിനുള്ളിൽ നിന്നും കാടരിക് പ്രദേശങ്ങളിൽ നിന്നും യൂക്കാലി അക്കേഷ്യ തോട്ടങ്ങൾ വെട്ടി ഫലവൃക്ഷങ്ങൾ നടണം. ബയോവേലി വേണം. കുടിവെള്ള സ്രോതസ്സ് വനത്തിനകത്ത് തന്നെ ഉണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് സഭയില്‍ പറഞ്ഞു .



Similar Posts