< Back
Kerala
ആഗോള അയ്യപ്പസംഗമം:പിണറായി കപടഭക്തന്‍, വിശ്വാസികളെ കബളിപ്പിച്ചു; വി.ഡി സതീശൻ
Kerala

ആഗോള അയ്യപ്പസംഗമം:'പിണറായി കപടഭക്തന്‍, വിശ്വാസികളെ കബളിപ്പിച്ചു'; വി.ഡി സതീശൻ

Web Desk
|
25 Sept 2025 11:12 AM IST

എന്‍ എസ് എസുമായിട്ടോ എസ് എൻ ഡി പിയുമായോ ഒരു തർക്കവുമില്ലെന്നും സതീശന്‍

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ യുഡിഎഫും കോൺഗ്രസും സ്വീകരിച്ചത് രാഷ്ട്രീയ നിലപാടെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍.ആ നിലപാടിൽ മാറ്റമില്ല.തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സർക്കാർ കപട ഭക്തിയുമായി എത്തിയിരിക്കുന്നത്.അയ്യപ്പ സംഗമത്തില്‍ അയ്യപ്പന്‍റെ ഒരു ഫോട്ടോ പോലും ഇല്ലായിരുന്നു. ശബരിമലയിൽ പിണറായി സർക്കാർ എന്താണ് ചെയ്തതെന്ന് നല്ല ബോധ്യം വിശ്വാസികൾക്കുണ്ടെന്നും സതീശന്‍ പറഞ്ഞു.

'അയ്യപ്പ സംഗമത്തിൽ പല സമുദായിക സംഘടനകളും അവരുടെ തീരുമാനങ്ങളെടുത്തു.അത് അവരുടെ സ്വാതന്ത്രമാണ്.സമുദായ സംഘടനകൾക്ക് അവരുടെ തീരുമാനം എടുക്കാം.ഇതിൽ ഞങ്ങൾക്ക് ഒരു വിരോധവുമില്ല. തെരഞ്ഞെടുപ്പുമായി ഇതിന് യാതൊരു ബന്ധവുമില്ല.സമദൂര സിദ്ധാന്തമാണ് അവരുടേതെന്ന് എന്‍എസ്എസ് വ്യക്തമാക്കിയിട്ടുണ്ട്. എൻ എസ് എസുമായിട്ടോ എസ് എൻ ഡി പിയുമായോ ഒരു തർക്കവുമില്ല.അയ്യപ്പ സംഗമത്തിൽ പോയിരുന്നെങ്കിൽ പിണറായിയെക്കാൾ വലിയ പരിഹാസ്യമായി മാറിയേനെ.അയ്യപ്പ സംഗമത്തിൽ ഞങ്ങളുടെ തീരുമാനം 100 ശതമാനം ശരി ആയിരുന്നു'..സതീശന്‍ പറഞ്ഞു.

'ശബരിമലയിൽ ആചാരലംഘനം നടന്നപ്പോൾ ഞങ്ങളേ ഉണ്ടായിരുന്നൊള്ളൂ.എന്ത് വിലകൊടുത്തും ആചാരങ്ങളെ സംരക്ഷിക്കാന്‍ ഞങ്ങളായിരുന്നു കൂടെ നിന്നത്.പൊലീസിന്‍റെ പിന്‍ബലത്തോടെ രണ്ട് സ്ത്രീകളെ ഇരുട്ടിന്‍റെ മറവിലൂടെ സര്‍ക്കാര്‍ ശബരിമലയിലെത്തിച്ചു.ലോകം കീഴ്മേല്‍ മറിഞ്ഞാലും നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് പറഞ്ഞയാളാണ് പിണറായി വിജയന്‍.ആചാരലംഘനം നടത്തുന്നത് നവോഥാനമാണെന്ന് പറഞ്ഞു നടന്നു.ഇതെല്ലാം കേരളം കണ്ടതാണ്. അന്നത്തെ നിലപാടില്‍ നിന്ന് എന്തുമാറ്റമാണ് ഇപ്പോള്‍ സര്‍ക്കാറിനുണ്ടായത് എന്നാണ് കോണ്‍ഗ്രസിന്‍റെ ചോദ്യം. മാറ്റമുണ്ടെങ്കില്‍ സുപ്രിംകോടതിയിലെ സത്യവാങ് മൂലം പിന്‍വലിക്കണം.വിശ്വാസികള്‍ക്കെതിരെയെടുത്ത കേസുകളും പിന്‍വലിക്കണം..' സതീശന്‍ പറഞ്ഞു.


Similar Posts