
യുഡിഎഫ് കേരള കോൺഗ്രസ് എമ്മുമായി ചർച്ച നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
|'മാണി സാർ ജീവിച്ചിരിക്കുമ്പോൾ നരകത്തീയിൽ വെന്തുമരിക്കണമെന്ന് പറഞ്ഞവരാണ് സിപിഎമ്മുകാർ അവർ തന്നെ സ്മാരകം പണിയാൻ സ്ഥലം അനുവദിച്ചതിൽ സന്തോഷമുണ്ട്'
തിരുവനന്തപുരം: യുഡിഎഫ് കേരള കോൺഗ്രസ് എമ്മുമായി ചർച്ച നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കെ.എം മാണിയെ അപമാനിച്ചവർ കെ.എം മാണിക്ക് വേണ്ടി സ്മാരകം നിർമിക്കാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.മാണി സാർ ജീവിച്ചിരിക്കുമ്പോൾ നരകത്തീയിൽ വെന്തുമരിക്കണമെന്ന് പറഞ്ഞവരാണ് സിപിഎമ്മുകാർ അവർ തന്നെ സ്മാരകം പണിയാൻ സ്ഥലം അനുവദിച്ചതിൽ സന്തോഷമുണ്ട്. സ്ഥലം കൊടുക്കാൻ ഞങ്ങൾ നിമിത്തമായതിൽ സന്തോഷമുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.
സ്ത്രീകളെ അപമാനിക്കുന്ന നിലപാട് ആര് സ്വീകരിച്ചാലും പാർട്ടി താക്കീത് ചെയ്യും. ആവർത്തിച്ചാൽ പാർട്ടിയിലുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തലിന് എതിരായ കേസിൽ അതിജീവിതമാരെ അപമാനിക്കുന്നത് ചൂണ്ടിക്കാണിച്ചപ്പോഴാണ് ഇങ്ങനെ പ്രതികരിച്ചത്. രാഹുൽ മാങ്കൂട്ടത്തലിൻ്റെ സുഹൃത്തും കെഎസ് യു നേതാവുമായിരുന്ന ഫെനിനൈൻ, പത്തനംതിട്ട ജില്ല പഞ്ചായത്ത് അംഗം ശ്രീനാ ദേവി കുഞ്ഞമ്മ എന്നിവർ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് പ്രതിപക്ഷ നേതാവ് ഇങ്ങനെ പറഞ്ഞത്. കേരള കോൺഗ്രസ് എം ഇടത് മുന്നണിയിൽ നിൽക്കുന്ന പാർട്ടിയാണ്. അവരുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന ഒന്നും പറയില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
ഐഷ പൊറ്റി കോൺഗ്രസിൽ ചേർന്നതിൽ എന്ത് സങ്കടമാണ് സിപിഎമ്മിന്. എകെജി സെൻററിൽ നിന്ന് സോഷ്യൽ മീഡിയ വഴി തെറ്റായ വാർത്ത കൊടുക്കുന്നു സോഷ്യൽ മീഡിയ നിയന്ത്രിക്കുന്നവർ എന്തൊക്കെയാണ് ചെയ്യുന്നത് ? എന്നും വി.ഡി സതീശൻ ചോദിച്ചു.