< Back
Kerala
ശബരിമല സ്വർണക്കൊള്ള: നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം; ചര്‍ച്ചക്ക് സഹകരിക്കാത്തത് നിർഭാഗ്യകരമാണെന്ന് സ്പീക്കർ
Kerala

ശബരിമല സ്വർണക്കൊള്ള: നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം; ചര്‍ച്ചക്ക് സഹകരിക്കാത്തത് നിർഭാഗ്യകരമാണെന്ന് സ്പീക്കർ

Web Desk
|
5 Feb 2026 1:18 PM IST

യഥാർഥ പ്രതികളിലേക്ക് എത്തരുതെന്നാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹമെന്നായിരുന്നു മന്ത്രി എം.ബി രാജേഷിന്റെ പ്രതികരണം

തിരുവനന്തപുരം: സ്വർണപ്പാളി വിവാദത്തിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിയമസഭ ഇന്നും സ്തംഭിച്ചു. കുറ്റപത്രം കൊടുക്കാതെ പ്രതികൾ പുറത്തിറങ്ങുന്നതിൽ യുഡിഎഫിനും ജനങ്ങൾക്കും ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. യഥാർഥ പ്രതികളിലേക്ക് എത്തരുതെന്നാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹമെന്നായിരുന്നു പാർലമെന്‍ററികാര്യ മന്ത്രി എം.ബി രാജേഷിന്റെ പ്രതികരണം.

ചർച്ചയ്ക്ക് സർക്കാർ തയ്യാറായിട്ടും പ്രതിപക്ഷം സഹകരിക്കാത്തത് നിർഭാഗ്യകരമാണെന്ന് സ്പീക്കർ എ.എന്‍ ഷംസീര്‍ വ്യക്തമാക്കി. പ്രതിപക്ഷ ബഹളത്തിനിടെ ധനവിനിയോഗത്തിൽ ചർച്ച കൂടാതെ പാസാക്കി. സത്യം മുഖത്ത് വന്നടിക്കുമ്പോൾ അതിനു നേരെ കണ്ണടക്കുകയാണ് പ്രതിപക്ഷ നേതാവെന്ന് പാർലമെൻററി എം.ബി രാജേഷ് പറഞ്ഞു. പ്രത്യേക അന്വേഷണസംഘത്തിന്മേൽ ഹൈക്കോടതി തന്നെ പൂർണ തൃപ്തി രേഖപ്പെടുത്തിയെന്നും എം.ബി രാജേഷ് പറഞ്ഞു.

പതിവിന് വ്യത്യസ്തമായി ഇന്ന് നിയമസഭാ കവാടത്തിൽ നിന്നാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം ആരംഭിച്ചത്. ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ പതിവുപോലെ പ്രതിഷേധത്തിന്റെ രീതി മാറി. പ്രതിഷേധം നടുത്തളത്തിൽ എത്തിയതോടെ സ്പീക്കർ ഇടപെട്ടു. സ്വർണപ്പാളി വിഷയത്തിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്ന് തന്നെ അറിയിച്ചതായി സ്പീക്കർ പറഞ്ഞു.

പ്രതിപക്ഷം സഹകരിക്കാതിരിക്കുന്നത് ശരിയല്ലെന്നും സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷ ബഹളം കടുത്തതോടെ ചോദ്യോത്തരവേള റദ്ദാക്കി മറ്റു നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.


Similar Posts