< Back
Kerala
Order to Chemical immobilization to Man Eating Tiger in Pulpally Wayanad
Kerala

വയനാട്ടിലെ ആളെക്കൊല്ലി കടുവയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്

Web Desk
|
21 Dec 2025 10:40 PM IST

ആവശ്യമെങ്കിൽ കൂടുതൽ കൂടുകൾ വനമേഖലയോട് ചേർന്ന് വയ്ക്കാനും വനംവകുപ്പ് ഒരുങ്ങുന്നുണ്ട്.

കൽപറ്റ: വയനാട് പുൽപ്പള്ളിയിലെ ആളെകൊല്ലി കടുവയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കൂട് സ്ഥാപിച്ചും പിടികൂടാൻ സാധിച്ചില്ലെങ്കിൽ മയക്കുവെടി വയ്ക്കാനാണ് നിർദേശം.

ഇന്നലെ ദേവര്‍ഗദ്ധ ഉന്നതിയിലെ കൂമന്‍ എന്ന 65കാരൻ കൊല്ലപ്പെട്ട അതേ സ്ഥലത്ത് ഇന്നും വനംവകുപ്പ് ഉദ്യോ​ഗസ്ഥരുൾപ്പെടെ കടുവയെ കണ്ടിരുന്നു. ഇതേത്തുടർന്ന് വനംവകുപ്പ് കനത്ത ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വൈകുന്നേരത്തോടെ പടക്കംപൊട്ടിച്ച് കടുവയെ കാട്ടിലേക്ക് തുരത്തിയെങ്കിലും വീണ്ടും ജനവാസമേഖലയിലേക്ക് ഇറങ്ങാൻ സാധ്യതയുണ്ടെന്നും വനംവകുപ്പ് പറയുന്നു.

ഈ സാഹചര്യത്തിൽ കടുവയെ പിടികൂടാൻ പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ കൂടുകൾ വനമേഖലയോട് ചേർന്ന് വയ്ക്കാനും വനംവകുപ്പ് ഒരുങ്ങുന്നുണ്ട്. ഒരു തരത്തിലും കൂട്ടിൽ കുടുങ്ങാൻ സാധ്യതയില്ലെങ്കിൽ മയക്കുവെടി വച്ച് പിടികൂടാനാണ് നിർദേശം.

രാത്രി വൈകിയും കടുവയ്ക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. പുലർച്ചെ ജോലിക്ക് പോവരുതെന്നും കാട്ടിലേക്ക് പോവരുതെന്നും വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പ്രദേശവാസികൾക്ക് നിർദേശം നൽകി.

അതേസമയം, നരഭോജി കടുവയെ കർണാടക വനംവകുപ്പ് കേരള വനാതിർത്തിയിൽ ഇറക്കിവിട്ടതാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി. മൂന്ന് പേരെ ആക്രമിച്ച്‌ കൊലപ്പെടുത്തിയ നരഭോജി കടുവയെയാണ് കേരള അതിർത്തിയിൽ ഇറക്കിവിട്ടതെന്ന് സിപിഎം പുൽപ്പള്ളി ഏരിയ കമ്മിറ്റി ആരോപിച്ചു.



Similar Posts