< Back
Kerala
Orthodox Church unhappy with Chandy Oommen and Abin Varkeys rejection from KPCC reorganization

Photo| Special Arrangement

Kerala

കെപിസിസി പുനഃസംഘടന: ചാണ്ടി ഉമ്മനെയും അബിൻ വർക്കിയേയും തഴഞ്ഞതിൽ ഓർത്തഡോക്സ് സഭയ്ക്ക് അതൃപ്തി

Web Desk
|
18 Oct 2025 3:58 PM IST

'സഭാംഗങ്ങളെ തഴയാമെന്ന ചിന്ത ഇപ്പോഴുണ്ട്. ആർക്കും കൊട്ടാവുന്ന ചെണ്ടയാണ് സഭയെന്ന് ആരും കരുതേണ്ട'.

കോട്ടയം: കെപിസിസി പുനഃസംഘടനയിൽ നിന്ന് യുവനേതാക്കളായ ചാണ്ടി ഉമ്മനെയും അബിൻ വർക്കിയെയും തഴഞ്ഞതിൽ ഓർത്തഡോക്സ് സഭയ്ക്ക് അതൃപ്തി. ഓർത്തഡോക്സ് വിഭാ​ഗക്കാരായ രണ്ട് യുവനേതാക്കളെയും പരിഗണിക്കേണ്ടതായിരുന്നുവെന്നാണ് സഭയുടെ അഭിപ്രായം.

സഭാ ആസ്ഥാനമായ ദേവലോകം അരമനയിൽ നടക്കുന്ന യുവജനപ്രസ്ഥാനത്തിന്റെ അവാർഡ് പരിപാടിയിലേക്ക് മുഖ്യാതിഥിയായി ചാണ്ടി ഉമ്മനെ സഭ ക്ഷണിച്ചു. യുവജനപ്രസ്ഥാനം പ്രസിഡന്റും കുന്നംകുളം ഭദ്രാസനാധിപനുമായ ഗീവർഗീസ് മാർ യൂലിയോസ് ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. വിഷയത്തിൽ സഭയ്ക്കുള്ള അതൃപ്തി ചടങ്ങിൽ അദ്ദേഹം പരസ്യമായി അറിയിക്കുകയും ചെയ്തു.

സഭാംഗങ്ങളെ തഴയാമെന്ന ചിന്ത ഇപ്പോഴുണ്ടെന്നും ആർക്കും കൊട്ടാവുന്ന ചെണ്ടയാണ് സഭയെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പ്രസം​ഗത്തിൽ ചൂണ്ടിക്കാട്ടി. 'അബിനും ചാണ്ടിയും ഞങ്ങളുടെ യുവതയാണ്. അവരാരും മതംവച്ച് കളിക്കാറില്ല. എന്തുകൊണ്ടാണ് അവരെ ഒഴിവാക്കിയത്'- എന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, അനാവശ്യമായി രാഷ്ട്രീയവിഷയങ്ങളിൽ അഭിപ്രായം പറയുന്നതിന് സഭയിലെ തന്നെ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. സഭയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഇക്കാര്യം ചർച്ചയായിട്ടുമുണ്ട്. ചില നേതാക്കളെ സഭയുടെയും സമുദായത്തിന്റേയും ഭാഗമായി ബ്രാൻഡ് ചെയ്യപ്പെട്ടാൽ അവരുടെ രാഷ്ട്രീയഭാവിയെ ബാധിക്കുമെന്നാണ് വിമർശനം.


Similar Posts