
എയ്ഡഡ് സ്‌കൂള്‍ ഭിന്നശേഷി സംവരണം; സര്‍ക്കാര്‍ നിലപാട് വൈകിവന്ന വിവേകം, സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളില്‍ തീരുമാനം വൈകുന്നത് ദുഃഖകരം: ഓര്‍ത്തഡോക്‌സ് സഭ
|വിഷയത്തിൽ സർക്കാരിന് ഇതിലും നേരത്തെ തീരുമാനമെടുക്കാമായിരുന്നെന്നും തെരഞ്ഞെടുപ്പ് പ്രീണനമാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാനാകില്ലെന്നും ഓർത്തഡോക്സ് സഭ വക്താവ് ബിഷപ്പ് യുഹാനോന്‍ മാര്‍ദിയസ് കോറസ് മെത്രാപൊലീത്ത പറഞ്ഞു
കോട്ടയം: ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് വൈകിവന്ന വിവേകമാണെന്ന് ഓർത്തഡോക്സ് സഭ. വിഷയത്തിൽ സർക്കാരിന് ഇതിലും നേരത്തെ തീരുമാനമെടുക്കാമായിരുന്നെന്നും തെരഞ്ഞെടുപ്പ് പ്രീണനമാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാനാകില്ലെന്നും ഓർത്തഡോക്സ് സഭ വക്താവ് ബിഷപ്പ് യുഹാനോന്‍ മാര്‍ദിയസ് കോറസ് മെത്രാപൊലീത്ത പറഞ്ഞു.
'ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള സര്‍ക്കാര്‍ നിലപാട് വൈകിവന്ന വിവേകമായിരുന്നു. ഈ തീരുമാനം ഇതിലും നേരത്തെ സര്‍ക്കാരിന് സ്വീകരിക്കാമായിരുന്നു. എന്‍എസ്എസിന് അനുകൂല വിധി ക്രൈസ്തവ മാനേജ്‌മെന്റുകള്‍ക്ക് ബാധകമാക്കാമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രീണനമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാനാവില്ല'. ബിഷപ് പറഞ്ഞു.
'ഇതുവരെയുണ്ടായിരുന്ന തീരുമാനത്തില്‍ ഉദ്യോഗാര്‍ത്ഥികളും മാനേജ്‌മെന്റുകളും വലിയ ബുദ്ധിമുട്ടിലായിരുന്നു. ബാര്‍ സമയം നീട്ടിയതുപോലെ സമൂഹത്തിന് ദോഷകരമായ കാര്യങ്ങളില്‍ വേഗത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നു. ഭിന്നശേഷി സംവരണം പോലുള്ള സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളില്‍ തീരുമാനം വൈകിപ്പിക്കുന്നത് ദുഃഖകരമാണ്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ഭിന്നശേഷി സംവരണത്തില്‍ എന്‍എസ്എസിന് ലഭിച്ച സുപ്രിംകോടതി ഉത്തരവ് എല്ലാ മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുടെ പ്രതിഷേധവും തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നതും മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ തീരുമാനം. മുന്‍കാല പ്രാബല്യത്തോടെയാകും ഉത്തരവ് നടപ്പിലാക്കുക.
നേരത്തെ, ബാര്‍ സമയം വര്‍ധിപ്പിച്ചതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുന്നുവെന്ന് കുറ്റപ്പെടുത്തിയ സഭ അമ്മമാരുടെ കണ്ണുനീരിനേക്കാളും വലുതാണോ ബാര്‍ മുതലാളിമാരുടെ ആവശ്യമെന്നും ചോദിച്ചു.