< Back
Kerala
ആത്മഹത്യയെന്ന് വരുത്താന്‍ കൈ ഞരമ്പ് മുറിച്ചു; ഒറ്റപ്പാലത്ത് വയോധികയുടെ കൊലപാതകത്തില്‍ പ്രതികളുടെ കുറ്റസമ്മതം
Kerala

'ആത്മഹത്യയെന്ന് വരുത്താന്‍ കൈ ഞരമ്പ് മുറിച്ചു'; ഒറ്റപ്പാലത്ത് വയോധികയുടെ കൊലപാതകത്തില്‍ പ്രതികളുടെ കുറ്റസമ്മതം

Web Desk
|
10 Sept 2021 8:54 AM IST

കൊലയ്ക്ക് ശേഷം ആഭരണങ്ങൾ വിറ്റ് മുംബൈയിലേക്ക് കടക്കാനായിരുന്നു നീക്കം.

പാലക്കാട് ഒറ്റപ്പാലത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റം സമ്മതിച്ചു. തെക്കേ തൊടിയിൽ കദീജയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇവരുടെ സഹോദരിപുത്രി ഷീജയെയും മകൻ യാസിറിനെയുമാണ് പൊലീസ് പിടികൂടിയത്. കദീജയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയാണെന്നാണ് ഷീജയുടെയും യാസിറിന്‍റെയും മൊഴി.

കൊലയ്ക്ക് ശേഷം ആഭരണങ്ങൾ വിറ്റ് മുംബൈയിലേക്ക് കടക്കാനായിരുന്നു നീക്കം. ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുകയും ചെയ്തു. ഷീജയുടെ 13കാരനായ മകനാണ് ദൃക്സാക്ഷി. ഈ കുട്ടിക്ക് കൊലയിൽ പങ്കില്ലെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി.

വ്യാഴാഴ്ച ഉച്ചയ്ക്ക് സ്വര്‍ണാഭരണം വില്‍ക്കാനായി ഷീജ ഒറ്റപ്പാലത്തെ ജ്വല്ലറിയില്‍ എത്തിയിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് കദീജയുടെ സ്വര്‍ണമാണെന്ന് പൊലിസ് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഷീജ ബന്ധുവായതിനാല്‍ പരാതിയില്ലെന്ന നിലപാടായിരുന്നു കദീജയുടേത്. തുടര്‍ന്ന് സംഭവത്തില്‍ പൊലിസ് കേസെടുത്തിരുന്നില്ല.

എന്നാല്‍, വൈകീട്ട് എട്ടരയോടെ വീട്ടിനകത്ത് കദീജയെ കൈ ഞരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് യാസിറിനെ പൊലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷീജയെ പിടികൂടിയത്.

Related Tags :
Similar Posts