< Back
Kerala
ഞങ്ങളുടെ സംസ്‌കാരം എസ്എഫ്‌ഐയുടേതല്ല, കോളജുകളിലെ തർക്കം ഒറ്റപ്പെട്ട സംഭവം; അലോഷ്യസ് സേവ്യർ

Photo|MediaOne News

Kerala

ഞങ്ങളുടെ സംസ്‌കാരം എസ്എഫ്‌ഐയുടേതല്ല, കോളജുകളിലെ തർക്കം ഒറ്റപ്പെട്ട സംഭവം; അലോഷ്യസ് സേവ്യർ

Web Desk
|
10 Oct 2025 6:37 PM IST

തർക്കം പ്രാദേശിക വിഷയം ആണെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ

കോഴിക്കോട്: കോളേജുകളിലെ കെഎസ്‌യു-എംഎസ്എഫ് തർക്കം ഒറ്റപ്പെട്ട സംഭവമെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. പാലക്കാട് എംഇഎസ് കല്ലടി കോളേജിൽ എംഎസ്എഫിനെതിരെ എസ്എഫ്‌ഐയോടൊപ്പം ചേർന്ന കെഎസ്‌യു യൂണിറ്റ് കമ്മറ്റി പിരിച്ചുവിട്ടു.

കോഴിക്കോട് കൊടുവള്ളിയിൽ എംഎസ്എഫിനെതിരായ കെഎസ്‌യുവിന്റെ വർഗീയ പരാമർശത്തിൽ മറുപടിയുമായി പ്രാദേശിക യൂത്ത് ലീഗ്, മുസ്‌ലിം ലീഗ് നേതാക്കൾ രംഗത്തെത്തി.

കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളജുകളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് വിവിധയിടങ്ങളിൽ എംഎസ്എഫ്-കെഎസ്‌യു തർക്കം പരസ്യമായത്. കൊടുവള്ളി കെഎംഒ കോളേജിലെ കെഎസ്‌യു യൂണിറ്റ് കമ്മറ്റി എംഎസ്എഫിനെതിരെ വർഗീയ പരാമർശം അടങ്ങുന്ന ബാനറുമായി പ്രകടനം നടത്തിയതും വിവാദമായി.

ഇന്ദിരയുടെ പേരക്കുട്ടികൾക്ക് അശാന്തിയുടെ കാലത്ത് തണലേകിയ ഞങ്ങളുടെ മതേതരത്വത്തിന് നിങ്ങളുടെ പുതിയ സർട്ടിഫിക്കേറ്റ് ആവശ്യമില്ലെന്നാണ് കെഎസ്‌യുവിന്റെ അധിക്ഷേപത്തിന് മുസ്‌ലിം ലീഗ് കൊടുവള്ളി മണ്ഡലം സെക്രട്ടറി കെ.കെ.എ ഖാദറിന്റെ മറുപടി. മറുപടി പറയിപ്പിക്കുമെന്ന് യൂത്ത് ലീഗ് കൊടുവള്ളി മണ്ഡലം ജനറൽ സെക്രട്ടറി നസീഫ് കൊടുവള്ളിയും ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. എംഎസ്എഫ് തോറ്റു മതേതരത്വം ജയിച്ചുവെന്ന കെഎസ്‌യു ബാനർ എംഎസ്എഫിനെ വർഗീയമായി ചിത്രീകരിക്കാനല്ല എന്ന വിശദീകരണവുമായി യൂത്ത് കോൺഗ്രസ് നേതാക്കളും രംഗത്തെത്തി.

മുട്ടിൽ ഡബ്ല്യൂഎംഒ കോളജിൽ കോൺഗ്രസ് നേതൃത്വത്തിന് എതിരെയായിരുന്നു എംഎസ്എഫ് ബാനർ. പാലക്കാട് കല്ലടി , എംഎസ്എഫിനെതിരെ കെഎസ്‌യുവിനെ കൂടെ കൂട്ടി എസ്എഫ്‌ഐ യൂണിയൻ ഭരണവും നേടി. നേതൃത്വത്തിന്റെ മുന്നറിയിപ്പ് മറികടന്ന് എസ്എഫ്‌ഐക്കൊപ്പം ചേർന്ന കോളേജിലെ കെഎസ്‌യു യൂണിറ്റ് കമ്മറ്റി പിരിച്ച് വിട്ട് നേതൃത്വം നടപടിയെടുത്തു. എംഎസ്എഫ്-കെഎസ്‌യു തർക്കം പ്രാദേശിക വിഷയം ആണെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പ്രതികരിച്ചു.

കോളേജ് യൂണിയനുകളിൽ യുഡിഎസ്എഫ് മുന്നണി നേടിയ വിജയത്തിന്റെ ശോഭ കെടുത്തുന്ന നടപടികളിൽ നിന്ന് വിട്ട് നിൽക്കണം എന്ന് എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ നവാസും ഫെസ്ബുക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു.

Similar Posts