< Back
Kerala
മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണം; പി.സി ജോർജ് വീണ്ടും ഹൈക്കോടതിയിൽ
Kerala

'മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണം'; പി.സി ജോർജ് വീണ്ടും ഹൈക്കോടതിയിൽ

Web Desk
|
26 May 2022 8:41 PM IST

നാളെ ജാമ്യപേക്ഷ പരിഗണിക്കാനിരിക്കെയാണ് പുതിയ ഹരജി

കൊച്ചി: മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവുമായി പി.സി ജോർജ് വീണ്ടും ഹൈക്കോടതിയിൽ. ജാമ്യം റദ്ദാക്കിയ ഉത്തരവ് നിയമപരമല്ലെന്ന് ഹരജിയിൽ പറയുന്നു. നാളെ ജാമ്യപേക്ഷ പരിഗണിക്കാനിരിക്കെയാണ് പുതിയ ഹരജി.

അനന്തപുരി ഹിന്ദു മഹാസമ്മേളനം, വെണ്ണല എന്നിവിടങ്ങളിൽ നടത്തിയ വിദ്വേഷ പ്രസംഗക്കേസുകളിലാണ് ഇന്നലെ പി.സി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അനന്തപുരി വിദ്വേഷ പ്രസംഗത്തിൽ ജോർജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്.

പി.സി ജോർജിന്റേത് രാവിലെ ആദ്യ കേസായി പരിഗണിക്കണമെന്നായിരുന്നു അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ, ജോർജിന് പ്രത്യേക പരിഗണന നൽകാനാകില്ലെന്ന് ജസ്റ്റിസ് പി. ഗോപിനാഥ് വ്യക്തമാക്കി. പൂജപ്പുര സെൻട്രൽ ജയിലിലേക്കാണ് പി.സി ജോർജിനെ മാറ്റിയത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

ഇന്നലെ അർധരാത്രിയാണ് പി.സി ജോർജിനെ കൊച്ചിയിൽനിന്ന് തിരുവനന്തപുരം എ.ആർ ക്യാംപിൽ എത്തിച്ചത്. ഫോർട്ട് പൊലീസ് പി.സി ജോർജുമായി തിരുവനന്തപുരത്തേക്ക് തിരിക്കുന്നതിനിടെ അദ്ദേഹത്തിന് രക്തസമ്മർദമുണ്ടായി. നേരത്തെ വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും മുൻകൂർ ജാമ്യം നിലനിൽക്കുന്നതിനാൽ സാങ്കേതികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പി.സി ജോർജിനെ ഉപാധികളോടെ വിട്ടയച്ചിരുന്നു. തിരുവനന്തപുരം വിദ്വേഷപ്രസംഗക്കേസിൽ ജോർജിന്റെ ജാമ്യം ഇന്നലെ ഉച്ചയ്ക്കാണ് കോടതി റദ്ദാക്കിയത്.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ മേയ് ഒന്നിനാണ് പി.സി ജോർജിന് കോടതി ജാമ്യം നൽകിയത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ജോർജ് വിദ്വേഷ പ്രസംഗത്തിലെ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു. പിന്നാലെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചു. ഇതിൽ വിശദമായ വാദംകേട്ട കോടതി ജാമ്യവ്യവസ്ഥ ലംഘിക്കപ്പെട്ടതായി കണ്ടെത്തി.

Similar Posts