< Back
Kerala
P. K. Kunhalikutty
Kerala

മലപ്പുറത്തിനെതിരായ വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമർശം വ്യാഖ്യാനം കൊണ്ട് മാറ്റാനാവില്ല; കുഞ്ഞാലിക്കുട്ടി

Web Desk
|
12 April 2025 11:10 AM IST

കേരളത്തിലെ ജനങ്ങൾ കേട്ട പ്രസ്താവനയാണ് വെള്ളാപ്പള്ളിയുടേത്

കോഴിക്കോട്: വെള്ളാപ്പളി നടേശന്‍റെ മലപ്പുറത്തിനെതിരായ വിദ്വേഷ പരാമർശം വ്യാഖ്യാനം കൊണ്ട് മാറ്റാനാവില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. കേരളത്തിലെ ജനങ്ങൾ കേട്ട പ്രസ്താവനയാണ് വെള്ളാപ്പള്ളിയുടെതെന്നും ലീഗിന്‍റെ മതേതരത്വം വെളിപ്പെടാൻ പ്രത്യേക സർട്ടിഫിക്കറ്റ് ആവശ്യമില്ലായെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.

കേരളത്തിലെ ജനങ്ങൾ കേട്ട പ്രസ്താവനയാണ് വെള്ളാപ്പള്ളിയുടേത്. ആ പ്രസ്താവന പാർട്ടിയെ കുറിച്ചല്ല . പറഞ്ഞത് ജനം കേട്ടു. അത് വ്യഖ്യാനം കൊണ്ട് മാറ്റാനാവില്ല. ലീഗിനെ കുറിച്ചാണ് പ്രസ്താവന എന്ന് കേട്ടാൽ ഭയപ്പെടുകയില്ല. വെള്ളാപ്പള്ളിയുടെ പ്രസ്താവന ന്യായീകരിച്ചാൽ അവർ മോശക്കാരാകും. മുഖ്യമന്ത്രി പ്രസ്താവന ന്യായീകരിക്കരുതായിരുന്നു. വെള്ളാപ്പള്ളിയുടെ പ്രസ്താവന ന്യായീകരിക്കുന്നത് തെങ്ങിൽ തേങ്ങ കക്കാൻ കയറി പിടിക്കപ്പെട്ടാൽ അപ്പുറത്തെ പറമ്പിലെ കുറുന്തോട്ടി നോക്കിയതാണെന്ന് പറഞ്ഞ പോലെയാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

എസ്എന്‍ഡിപി നിലമ്പൂര്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച യോഗത്തിലാണ് വെള്ളാപ്പള്ളി നടേശന്‍ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയത്. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം. മലപ്പുറത്ത് സ്വതന്ത്രമായ വായു ശ്വസിച്ചും സ്വതന്ത്രമായി അഭിപ്രായം പറഞ്ഞും നിങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കും എന്നെനിക്ക് തോന്നുന്നില്ല. മലപ്പുറം പ്രത്യേകതരം രാജ്യമാണ്. പ്രത്യേക ചിലയാളുകളുടെ സംസ്ഥാനമാണ്. അവര്‍ക്കിടയില്‍ ഭയന്ന് ജീവിക്കുന്നവരാണ് ഈഴവരെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

പ്രസംഗം വിവാദമായപ്പോൾ മുസ്‍ലിം ലീഗുമായി സഹകരിക്കാതെ ആയപ്പോൾ തന്നെ മുസ്‍ലിം വിരോധിയാക്കിയെന്ന് വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. താൻ മുസ്‍ലിംകൾക്കെതിരെ പറഞ്ഞു എന്ന് പ്രചരിപ്പിക്കുന്നത് മുസ്‍ലിം ലീഗ് നേതാക്കളാണ്. താൻ ഒരിക്കലും ഒരു മുസ്‍ലിം വിരോധിയല്ലെന്നും തന്‍റെ മലപ്പുറം പ്രസംഗത്തെ ദുർവ്യാഖ്യാനം ചെയ്തുവെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.



Similar Posts