< Back
Kerala
കേരളത്തിലേത് മികച്ച പൊലീസ് മാതൃകയാണെന്ന് പി മോഹനന്‍
Kerala

കേരളത്തിലേത് മികച്ച പൊലീസ് മാതൃകയാണെന്ന് പി മോഹനന്‍

Web Desk
|
18 Sept 2022 11:54 AM IST

കഴിഞ്ഞ ദിവസം പൊലീസിനെ രൂക്ഷമായ ഭാഷയില്‍ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് വിമര്‍ശിച്ചിരുന്നു. ഇതിന്‍റെ പിന്നാലെയാണ് മുഴുവന്‍ സേനയെയുമല്ല ചില ഉദ്യോഗസ്ഥരെയാണ് പ്രസ്താവനയിലൂടെ ഉദ്ദേശിച്ചതെന്ന് വെളിപ്പെടുത്തി പി.മോഹനന്‍ മാധ്യമങ്ങളെ കണ്ടത്.

കേരളത്തിലേത് മികച്ച പൊലീസ് മാതൃകയാണെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍. കഴിഞ്ഞ ദിവസം പൊലീസിനെ രൂക്ഷമായ ഭാഷയില്‍ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് വിമര്‍ശിച്ചിരുന്നു. ഇതിന്‍റെ പിന്നാലെയാണ് മുഴുവന്‍ സേനയെയുമല്ല ചില ഉദ്യോഗസ്ഥരെയാണ് പ്രസ്താവനയിലൂടെ ഉദ്ദേശിച്ചതെന്ന് വെളിപ്പെടുത്തി പി.മോഹനന്‍ മാധ്യമങ്ങളെ കണ്ടത്.

''കേരളത്തിലേത് മികച്ച പൊലീസ് മാതൃകയാണ്, ചില ഉദ്യോഗസ്ഥർ അതിനെതിരാണ്. മെഡിക്കൽ കോളജിലെ അക്രമ സംഭവത്തെ ന്യായീകരിക്കുന്നില്ല. നിയമപരമായി തന്നെ നടപടിയെടുക്കണം. ഒരു ഘട്ടത്തിലും പ്രതികളെ പിടികൂടുന്നതിൽ ഇടപെടില്ല. എന്നാൽ ചില ഉദ്യോഗസ്ഥർ സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. അതിൻറെ മറവിൽ വീടുകളിൽ എത്തി സ്ത്രീകളെയും കുട്ടികളെ ഭീഷണിപ്പെടുത്തുന്നു. പൂർണ്ണ ഗർഭിണിയായ ഒരു സ്ത്രീയുടെ പിന്നാലെ പോയി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നു. 'പ്രസവിച്ചാൽ കുട്ടിയെ അച്ഛനെ കാണിക്കില്ല' എന്നുവരെ പൊലീസുകാർ ഭീഷണിപ്പെടുത്തി. കമ്മീഷണർ അനാവശ്യമായി ഇടപെടുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്''. പി മോഹനന്‍ പറഞ്ഞു.

ഒരു പ്രതികളെയും സി.പി.എം, ഡി.വൈ.എഫ്.ഐ നേതൃത്വം ഒളിവിൽ പാർപ്പിച്ചിട്ടില്ല. അങ്ങനെ ഒളിവിൽ പാർപ്പിച്ചാൽ പൊലീസിന് അവരെ കണ്ടെത്താന്‍ കഴിയില്ലെന്നും മോഹനന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. മെഡിക്കൽ കോളജ് വിഷയത്തിലും ആവിക്കൽ വിഷയത്തിലും കമ്മീഷണർക്ക് ഇരട്ട നയമാണെന്നു പറഞ്ഞ പി.മോഹനന്‍ കമ്മീഷണറുടെ മൂക്കിന് താഴെയാണ് ആവിക്കൽതോടെന്നും അവിടെ പൊലീസിനെ ആക്രമിച്ച തീവ്രവാദികൾക്ക് ജാമ്യം കിട്ടുന്നതിന് കമ്മീഷണർ മൃദുസമീപനം സ്വീകരിച്ചെന്നും ആരോപിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് പൊലീസിനെതിരെ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കിയത്. സർക്കാരിന്‍റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായാണ് ചില പൊലീസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പൊതുപ്രവര്‍ത്തകരെയും അവരുടെ കുടുംബങ്ങളെയും പൊലീസ് വേട്ടയാടുകയാണ്. വേട്ടയാടൽ തുടർന്നാൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍റെ ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.

Similar Posts