
അസമിലെ കുടിയൊഴിപ്പിക്കൽ ബുൾഡോസർ രാജിന്റെ തുടർച്ച: പി.മുജീബുറഹ്മാൻ
|കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഹിന്ദുത്വ, ഫാഷിസ്റ്റ് വംശീയതയിലധിഷ്ഠിതമായ ഈ നടപടിക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരണമെന്നും മുജീബുറഹ്മാൻ ആവശ്യപ്പെട്ടു.
കോഴിക്കോട്: അസമിൽ നടന്നുകൊണ്ടിരിക്കുന്ന കുടിയൊഴിപ്പിക്കൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ബുൾഡോസർ രാജിന്റെയും മുസ് ലിം വംശഹത്യയുടെയും തുടർച്ചയെന്ന് ജമാഅത്തെ ഇസ്‌ലാമി അമീർ പി.മുജീബുറഹ്മാൻ. മുസ്ലിംകൾ തിങ്ങിത്താമസിക്കുന്ന ഗോൾപാറയിലെ ആയിരക്കണക്കിന് വീടുകൾ ഇടിച്ചു നിരത്തി പതിനായിരങ്ങളെയാണ് വഴിയിൽ തള്ളിയത്. സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. തീർത്തും അന്യായവും കേൾക്കുന്നവരുടെ ഹൃദയത്തെ നടുക്കുന്ന കാര്യങ്ങളുമാണ് ഗോൾപാറയിൽ നടക്കുന്നത്.
വന്യജീവികളുടെ ശല്യമുണ്ടെന്ന പേരിൽ നാട്ടുകാരെ കുടിയൊഴിപ്പിക്കുന്നു എന്നാണ് സർക്കാർ ഭാഷ്യം. വീട് നഷ്ടപ്പെട്ടവർ പെരുവഴിയിലാണ്. സുരക്ഷാ സംവിധാനങ്ങളോ ബദൽ സംവിധാനങ്ങളോ ഇല്ല. ബോൾഡോസർ രാജിന് തടയിട്ട സുപ്രിംകോടതി തീർപ്പിന് വിരുദ്ധമാണിത്. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഹിന്ദുത്വ, ഫാഷിസ്റ്റ് വംശീയതയിലധിഷ്ഠിതമായ ഈ നടപടിക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരണം. സർക്കാർ നടപടിയിൽ നിന്നും പിന്തിരിയണമെന്നും മുജീബുറഹ്മാൻ ആവശ്യപ്പെട്ടു.