< Back
Kerala
p mujeeb rahman
Kerala

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിനേറ്റ തിരിച്ചടി: ജമാഅത്തെ ഇസ്‌ലാമി

Web Desk
|
23 Jun 2025 12:03 PM IST

ജമാഅത്തിനെതിരെ വിദ്വേഷച്ചാപ്പ കുത്തി ഭരണവിരുദ്ധ വികാരം മറികടക്കാനാവില്ലെന്ന് തെളിഞ്ഞെന്ന് ജമാഅത്തെ ഇസ്‌ലാമി അമീർ പി. മുജീബുറഹ്മാൻ പറഞ്ഞു.

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ തോൽവി സിപിഎമ്മിന്റെ വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണെന്ന് ജമാഅത്തെ ഇസ്‌ലാമി അമീർ പി. മുജീബുറഹ്മാൻ. സത്യസന്ധതയില്ലാത്ത രാഷ്ട്രീയത്തിൽ നിന്ന് സിപിഎം ഇനിയെങ്കിലും പിൻമാറണം. ജമാഅത്തിനെതിരെ വിദ്വേഷച്ചാപ്പ കുത്തി ഭരണവിരുദ്ധ വികാരം മറികടക്കാനാവില്ലെന്ന് തെളിഞ്ഞെന്ന് ജമാഅത്തെ ഇസ് ലാമി അമീർ പി. മുജീബുറഹ്മാൻ പറഞ്ഞു.നിലമ്പൂരിൽ സിപിഎം കളിച്ചത് അപകടകരമായ രാഷ്ട്രീയമാണെന്നും മുജീബുറഹ്മാൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ജമാഅത്തെ ഇസ്ലാമിക്കെതിരെ വിദ്വേഷ ചാപ്പ കുത്തി ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ സിപിഎമ്മിനാവില്ല എന്ന് തെളിയിക്കുന്നതാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം. സിപിഎം ഉയർത്തിയ വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരിലുള്ള ശക്തമായ തിരിച്ചടിയാണ് നിലമ്പൂരിൽ സംഭവിച്ചിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമി നിലമ്പൂരിൽ മത്സരിച്ചിട്ടില്ല, നേരിട്ട് കക്ഷി ചേർന്നിട്ടുമില്ല, പക്ഷേ കേരളത്തിലെ പ്രബല രാഷ്ട്രീയ കക്ഷിയായ സിപിഎം ജമാഅത്തെ ഇസ്ലാമിയെ നാട്ടക്കുറിയാക്കി അപകടകരമായ വർഗീയ രാഷ്ട്രീയം കളിക്കുകയായിരുന്നു.

കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലത്തിനിടയിൽ നടന്ന സിപിഎം - ജമാഅത്ത് ചർച്ചകളും, ജമാഅത്തെ ഇസ്ലാമിയിൽ നിന്നും പലതവണ സ്വീകരിച്ച പിന്തുണയും കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ക്രിസ്റ്റൽ തെളിവുകളോടെ നിറഞ്ഞുനിൽക്കെ, അതെല്ലാം തള്ളിപ്പറഞ്ഞുകൊണ്ട് ജമാഅത്തെ ഇസ്ലാമിയെ ഭീകരവൽക്കരിക്കാനാണ് സിപിഎം ശ്രമിച്ചത്. രാഷ്ട്രീയ സത്യസന്ധതക്കും സദാചാരത്തിനും നിരക്കാത്ത വിലകുറഞ്ഞ വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിൽ നിന്നും സിപിഎം പിന്തിരിഞ്ഞില്ലെങ്കിൽ, കേരളത്തിൽ സംഘ്പരിവാറിന് മണ്ണൊരുക്കിയവരെന്ന് സിപിഎമ്മിനെക്കുറിച്ച് ചരിത്രം വിധിയെഴുതും.

Similar Posts