
അമേരിക്കയെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കണം: പി.മുജീബുറഹ്മാൻ
|വെനസ്വേലയിൽ കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യയെയും ബന്ദികളാക്കിയ അമേരിക്കൻ ചെയ്തി ആ രാജ്യം തുടർന്നുകൊണ്ടിരിക്കുന്ന യുദ്ധാസക്തിയെയും കൊള്ളക്കൊതിയെയുമാണ് ശരിവെക്കുന്നതെന്ന് മുജീബുറഹ്മാൻ പറഞ്ഞു
കോഴിക്കോട്: സ്വതന്ത്രരാഷ്ട്രമായ വെനസ്വേലയിൽ അതിക്രമിച്ചു കയറി പ്രസിഡന്റിനെ ബന്ദിയാക്കിയ അമേരിക്കയെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി അമീർ പി.മുജീബുറഹ്മാൻ പറഞ്ഞു. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കഴുകകണ്ണുകൾ വെനിസ്വേലക്കുമേൽ പതിഞ്ഞതിന്റെ ഭീകരവാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അന്താരാഷ്ട്ര നിയമങ്ങളെ വെല്ലുവിളിച്ച് സ്വതന്ത്ര രാഷ്ട്രമായ വെനസ്വേലയിൽ കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യയെയും ബന്ദികളാക്കിയ അമേരിക്കൻ ചെയ്തി ആ രാജ്യം തുടർന്നുകൊണ്ടിരിക്കുന്ന യുദ്ധാസക്തിയെയും കൊള്ളക്കൊതിയെയുമാണ് ശരിവെക്കുന്നത്.
വെട്ടിപ്പിടിക്കലുകളുടെ ഭൂഖണ്ഡാന്തര സഞ്ചാരം അവിരാമമായി തുടരുക തന്നെ ചെയ്യുമെന്ന് നിർലജ്ജം ലോകത്തോട് പ്രഖ്യാപിക്കുകയാണ് അമേരിക്ക. വംശീയതയും ലാഭക്കൊതിയും യുദ്ധവെറിയും ഉള്ളിൽ പേറുന്ന അമേരിക്കൻ സാമ്രാജ്യത്വത്തിൽ നിന്നും മറിച്ചൊരു നീക്കവും പ്രതീക്ഷിക്കേണ്ടതുമില്ല. അതിനാൽ, മാനവികതയിലും ജനാധിപത്യത്തിലും പ്രതീക്ഷവെക്കുന്നവർ അമേരിക്കയുടെ ഈ ഭീകരചെയ്തിക്കെതിരെ ശബ്ദമുയർത്തണം. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആയുധബലത്തോടും മൂലധനശേഷിയോടും സന്ധിയില്ലാസമരം നടത്തുന്ന വെനിസ്വേലയിലെ ജനങ്ങളോട് ഹൃദയംകൊണ്ട് ഐക്യദാർഢ്യപ്പെടുന്നുവെന്നും മുജീബുറഹ്മാൻ പ്രസ്താവനയിൽ പറഞ്ഞു.