< Back
Kerala
P Mujeeburahman wants Karnataka government to ensure justice for all people afttected bulldozer raj
Kerala

ബം​ഗളൂരു ബുൾഡോസർ രാജ്: മുഴുവൻ മനുഷ്യർക്കും കർണാടക സർക്കാർ നീതി ഉറപ്പാക്കണമെന്ന് പി. മുജീബുറഹ്മാൻ

Web Desk
|
27 Dec 2025 12:36 PM IST

'ഒരു രാത്രി കണ്ണടച്ചുതുറന്ന സമയത്തിനുള്ളിലാണ് നൂറുകണക്കിന് മനുഷ്യർ വഴിയാധാരമായത്'.

കോഴിക്കോട്: ബം​ഗളൂരുവിലെ കോളനികൾ കേന്ദ്രീകരിച്ച് കർണാടക സർക്കാർ നടത്തിയ കുടിയൊഴിപ്പിക്കൽ നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. കുടിയൊഴിപ്പിക്കപ്പെട്ട മുഴുവൻ മനുഷ്യർക്കും നീതി ഉറപ്പാക്കാൻ ജനാധിപത്യ സർക്കാരെന്ന നിലയിൽ കർണാടക സർക്കാർ സന്നദ്ധമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.

ഒരു രാത്രി കണ്ണടച്ചുതുറന്ന സമയത്തിനുള്ളിലാണ് നൂറുകണക്കിന് മനുഷ്യർ വഴിയാധാരമായത്. അസ്ഥി തുളച്ചുകയറുന്ന തണുപ്പിൽ ഉടുവസ്ത്രങ്ങളും പുതപ്പുമടക്കമുള്ള അവശ്യവസ്തുക്കൾ പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് സ്ത്രീകൾ, കുട്ടികൾ മുതലായവർ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടത്.

മുസ്‌ലിം, ദലിത്, പിന്നാക്ക ക്രൈസ്തവർ പോലുള്ള പാർശ്വവത്കൃത സമൂഹങ്ങളുടെ മേൽക്കൂരകളെ ഞെരിച്ചമർത്തിയാണ് കർണാടക സർക്കാരിൻ്റെ ബുൾഡോസറുകൾ ഇരമ്പിയാർത്തത്. വികസന പദ്ധതികളുടെ ആദ്യത്തെ ഇരകളും വികസനക്കെടുതികൾ കൂടുതൽ അനുഭവിക്കാൻ വിധിക്കപ്പെടുന്നവരും സമൂഹത്തിലെ അരികുചേർക്കപ്പെടുന്നവരായിരിക്കുമെന്ന യാഥാർഥ്യമാണ് ബം​ഗളൂരു കുടിയൊഴിപ്പിക്കലിലും സംഭവിച്ചിരിക്കുന്നത്.

വെറുപ്പിൻ്റെ രാഷ്ട്രീയവും അതിൻ്റെ ഭാഗമായിക്കൊണ്ടുള്ള വംശീയ ഉന്മൂലന പദ്ധതികളും ഭരണകൂട സാമഗ്രികളുപയോഗിച്ച് സംഘ്പരിവാർ നടപ്പാക്കുന്ന രാഷ്ട്രീയ സാഹചര്യത്തിൽ ഈ വിഷയത്തിലെല്ലാം മാതൃകാപരമായ നിലപാട് സ്വീകരിച്ച കർണാടക സർക്കാരിൽ നിന്നാണ് ആപത്കരവും അപകടകരവുമായ ഈ നീക്കം ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Similar Posts