< Back
Kerala
പോറ്റിയെ ശബരിമലയിൽ എത്തിച്ചത് കണ്ഠരര് രാജീവര്‍; തന്ത്രിക്ക് കുരുക്കായി പത്മകുമാറിന്‍റെ മൊഴി
Kerala

'പോറ്റിയെ ശബരിമലയിൽ എത്തിച്ചത് കണ്ഠരര് രാജീവര്‍'; തന്ത്രിക്ക് കുരുക്കായി പത്മകുമാറിന്‍റെ മൊഴി

Web Desk
|
27 Nov 2025 7:42 AM IST

തന്ത്രിയുടെ വിശ്വസ്തനായതിനാലാണ് പോറ്റിയെ വിശ്വസിച്ചത്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്കും ദേവസ്വം ബോർഡ് അംഗങ്ങൾക്കും കുരുക്കായി എ. പത്മകുമാറിന്‍റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് കണ്ഠരര് രാജീവരാണെന്ന് പത്മകുമാർ മൊഴി നൽകി. കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്‍റെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും റിമാൻഡ് നീട്ടി.

സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതിയാണ് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. പോറ്റിക്ക് ശബരിമലയിലേക്കുള്ള വഴിയൊരുക്കിയത് കണ്ഠരര് രാജീവരാണെന്നാണ് പത്മകുമാർ പറയുന്നത്. പോറ്റിയെ തനിക്ക് പരിചയപ്പെടുത്തിത്തന്നത്. തന്ത്രിയായതുകൊണ്ടാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ വിശ്വസിച്ചതെന്നും അന്വേഷണസംഘത്തോട് പത്മകുമാർ പറഞ്ഞു. ശബരിമലയിലെ കാര്യങ്ങൾ താൻ ഒറ്റയ്ക്കല്ല തീരുമാനിച്ചിരുന്നത്. മറ്റു ബോർഡ് അംഗങ്ങളുടെ അറിവോടുകൂടിയാണ് കാര്യങ്ങൾ ചെയ്തിരിക്കുന്നതെന്നും പത്മകുമാർ മൊഴി നൽകിയിട്ടുണ്ട്.

ദേവസ്വം ബോർഡ് പ്രസിഡന്‍റായി താൻ ചുമതല ഏൽക്കുന്നതിന് മുമ്പ് തന്നെ ഉണ്ണികൃഷ്ണൻ പോറ്റി അവിടെയുണ്ടായിരുന്നു. അന്നത്തെ ബോർഡ് അംഗങ്ങളും ഉദ്യോഗസ്ഥരും പോറ്റിക്ക് സർവസാതന്ത്ര്യവും നൽകി. ഇവരുടെ പിന്തുണയിലാണ് ഉണ്ണികൃഷ്ണൻ പോറ്റി ശക്തനായതെന്നും പത്മകുമാർ പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റി ആറന്മുളയിലെ തന്‍റെ വീട്ടിൽ വരാറുണ്ടെന്നും പത്മകുമാർ സമ്മതിച്ചു.

എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി യാതൊരു തരത്തിലുമുള്ള സാമ്പത്തിക ഇടപാടുകളും ഇല്ലെന്നാണ് പത്മകുമാർ മൊഴി നൽകിയിരിക്കുന്നത്. ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്‍റെയും റിമാൻഡ് ഡിസംബർ 11 വരെ കൊല്ലം വിജിൻസ് കോടതി നീട്ടുകയും ചെയ്തു




Similar Posts