< Back
Kerala
പഹൽഗാം ഭീകരാക്രമണം: അന്വേഷണം നടത്തി ഗൂഢാലോചനയും സുരക്ഷാ വീഴ്ചയുടെ കാരണങ്ങളും പുറത്ത് കൊണ്ട് വരണം; സോളിഡാരിറ്റി
Kerala

പഹൽഗാം ഭീകരാക്രമണം: 'അന്വേഷണം നടത്തി ഗൂഢാലോചനയും സുരക്ഷാ വീഴ്ചയുടെ കാരണങ്ങളും പുറത്ത് കൊണ്ട് വരണം'; സോളിഡാരിറ്റി

Web Desk
|
23 April 2025 6:04 PM IST

'നരേന്ദ്ര മോദി അധികാരത്തിൽ വന്നത് മുതൽ അര ഡസനിൽ പരം അക്രമണ സംഭവങ്ങളാണ് കശ്മീരിൽ നടന്നിട്ടുള്ളത്'

കോഴിക്കോട്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ ഗൂഢാലോചനയും സുരക്ഷാ വീഴ്ചയുടെ കാരണങ്ങളും പുറത്ത് കൊണ്ട് വരണമെന്ന് സോളിഡാരിറ്റി. നരേന്ദ്ര മോദി അധികാരത്തിൽ വന്നത് മുതൽ അര ഡസനിൽ പരം അക്രമണ സംഭവങ്ങളാണ് കശ്മീരിൽ നടന്നിട്ടുള്ളതെന്ന് സോളിഡാരിറ്റി സംസ്ഥാന ​പ്രസിഡന്റ് തൗഫീഖ് മമ്പാട് പറഞ്ഞു.

പുൽവാമയിലടക്കം മുൻ ഗവർണർ സത്യപാൽ മാലിക് ഭരണകൂടത്തോട് ഉന്നയിച്ച ചോദ്യങ്ങൾ ഇന്നും ഉത്തരങ്ങളില്ലാതെ അവശേഷിക്കുകയാണ്. അത് കൊണ്ട് പഹൽഗാമിലെ അതി ദാരുണ അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചവരെ അതിവേഗം പുറത്ത് കൊണ്ട് വരുക എന്നത് പുകയുന്ന വിദ്വേഷ പ്രചാരണങ്ങൾക്ക് അറുതി വരുത്താൻ നിർണായകമാണ്. ഇന്ത്യയിലെ എല്ലാ മുസ്‌ലിം സംഘടനകളും പൊതു സമൂഹവും കശ്മീർ ജനതയും ഒന്നടങ്കം കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞു. സംഭവത്തെ മുൻനിർത്തി അപര വിദ്വേഷവും ഇസ്‌ലാമോഫോബിയയും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവർ അക്രമകാരികളുടെ അജണ്ട തന്നെയാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് തൗഫീഖ് മമ്പാട് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പഹൽഗാമിൽ ടൂറിസ്റ്റുകൾക്ക് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ജീവൻ പൊലിഞ്ഞത് 28 നിരപരാധികളായ മനുഷ്യരുടേതാണ്. ജീവൻ പൊലിഞ്ഞ മുഴുവൻ മനുഷ്യർക്കും ആദരാജ്ഞലികളും പ്രാർത്ഥനകളും നേരുന്നു. അവരുടെ കുടുംബത്തിൻ്റെ ദുഖത്തിൽ പങ്ക് ചേരുന്നു.

കശ്മീരിൽ സംഭവിക്കുന്ന ഏതൊരു ആക്രമണത്തിൻ്റെയും ആത്യന്തികമായ കെടുതി അനുഭവിക്കുക കാശ്മീരികൾ തന്നെയാണ്. അവരുടെ ദൈനം ദിന ജീവിതത്തെ മുന്നോട്ട് കൊണ്ട് പോകുന്ന ടൂറിസത്തെ തകർക്കാനും പൊതു സമൂഹം അവരുടെ മേൽ വെച്ചു പുലർത്തുന്ന വിദ്വേഷത്തിൻ്റെ വാർപ്പ് മാതൃകകൾ ഊട്ടിയുറപ്പിക്കാനും മാത്രമാകും ഇതു സഹായിക്കുക. ആർട്ടിക്കിൾ 370 റദ്ദാക്കിയും കേന്ദ്ര ഭരണം ഏർപ്പെടുത്തിയും കാശ്മീർ ജനതയുടെ ജനാധിപത്യ അവകാശങ്ങൾ കവർന്നെടുത്തപ്പോൾ ഭരണകൂടം അവകാശപ്പെട്ടത് കാശ്മീർ താഴ്‌വര സുരക്ഷിതമാക്കപ്പെട്ടു എന്നാണ്. എന്നാൽ ഒരേ സമയം കാശ്മീർ സന്ദർശിക്കുന്ന സിവിലിയൻസിനെയും കാശ്മീരി ജനതയുടെ ജീവിതത്തെയും താളം തെറ്റിച്ച ഈ ആക്രമണം ഭരണകൂടത്തിൻ്റെ ഭാഗത്ത് നിന്നുണ്ടായ വലിയ സുരക്ഷാ വീഴ്ചയാണ്.

ഇന്ത്യയിലെ എല്ലാ മുസ്ലിം സംഘടനകളും പൊതു സമൂഹവും കാശ്മീർ ജനതയും ഒന്നടങ്കം കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞു. സംഭവത്തെ മുൻനിർത്തി അപര വിദ്വേഷവും ഇസ്‌ലാമോഫോബിയയും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവർ അക്രമകാരികളുടെ അജണ്ട തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്. സംഭവത്തിൽ കുറ്റമറ്റതായ അന്വേഷണം നടത്തി മുഴുവൻ ഗൂഢാലോചനയും സുരക്ഷാ വീഴ്ചയുടെ കാരണങ്ങളെയും പുറത്ത് കൊണ്ട് വരേണ്ടതുണ്ട്.

നരേന്ദ്ര മോദി അധികാരത്തിൽ വന്നത് മുതൽ അര ഡസനിൽ പരം അക്രമണ സംഭവങ്ങളാണ് കാശ്മീരിൽ നടന്നിട്ടുള്ളത്. പുൽവാമയിലടക്കം മുൻ ഗവർണർ സത്യപാൽ മാലിക് ഭരണകൂടത്തോട് ഉന്നയിച്ച ചോദ്യങ്ങൾ ഇന്നും ഉത്തരങ്ങളില്ലാതെ അവശേഷിക്കുകയാണ്. അത് കൊണ്ട് പഹൽഗാമിലെ അതി ദാരുണ അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചവരെ അതിവേഗം പുറത്ത് കൊണ്ട് വരുക എന്നത് പുകയുന്ന വിദ്വേഷ പ്രചാരണങ്ങൾക്ക് അറുതി വരുത്താൻ നിർണായകമാണ്.


Similar Posts