< Back
Kerala
വീട്ടുകാരുമായി പിണങ്ങി, സ്വയം കെട്ടിയിട്ടെന്ന് പെൺകുട്ടി: വഴിത്തിരിവ്
Kerala

വീട്ടുകാരുമായി പിണങ്ങി, സ്വയം കെട്ടിയിട്ടെന്ന് പെൺകുട്ടി: വഴിത്തിരിവ്

Web Desk
|
10 Nov 2022 11:24 PM IST

മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ നിന്ന് വീട്ടുകാർ വിലക്കിയത്തിൽ വിഷമത്തിലായിരുന്നു കുട്ടി

പാലക്കാട്: അലനല്ലൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ സ്‌കൂളിന്റെ മൂന്നാം നിലയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. സ്വയം കെട്ടിയിട്ടതാണെന്ന് വിദ്യാർത്ഥിനി പൊലീസിന് മൊഴി നൽകി. വീട്ടുകാരും സുഹൃത്തുക്കളുമായും പിണങ്ങിയതിനാൽ സ്വയം ചെയ്തതാണെന്നാണ് വിദ്യാർത്ഥിനി പൊലീസിനോട് പറഞ്ഞത്.

മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ നിന്ന് വീട്ടുകാർ വിലക്കിയത്തിൽ വിഷമത്തിലായിരുന്നു കുട്ടി. സ്‌കൂളിലെത്തിയപ്പോൾ അടുത്ത രണ്ട് സുഹൃത്തുക്കളും മിണ്ടാതെയായി. ഇതോടെയാണ് സ്വയം സ്‌കൂളിന്റെ മൂന്നാം നിലയിൽ കയറി കുട്ടി കൈ കെട്ടിയിട്ടത്. വീട്ടിൽ നിന്ന് രാവിലെ ഭക്ഷണം കഴിക്കാതെ ഇറങ്ങിയതിനാൽ ക്ഷീണം കാരണം ഉറങ്ങിപ്പോയതാണെന്നും കുട്ടി പോലീസിനോട് പറഞ്ഞു.

അലനല്ലൂർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലായിരുന്നു സംഭവം. വീട്ടിലെത്തുന്ന സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ സ്‌കൂളിലെത്തി. തുടർന്ന് സ്‌കൂൾ അധികൃതരും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് സ്‌കൂളിന്റെ മൂന്നാം നിലയിൽ നിന്ന് കണ്ടെത്തിയത്.

രണ്ടുകയ്യും കെട്ടി അവശനിലയിലായിരുന്നു കുട്ടി. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. തന്റെ ഓവർ കോട്ടിൽ കുറച്ച് പണമുണ്ടായിരുന്നു. ഈ പണമെടുക്കാനായി രണ്ടുപേർ വരികയും തന്റെ മുഖം പൊത്തിയതിന് ശേഷം കൈകൾ കെട്ടി പണം എടുത്തുവെന്നാണ് കുട്ടി നാട്ടുകൽ പൊലീസിന് നൽകിയ മൊഴി. എന്നാൽ, പെൺകുട്ടിയുടെ മൊഴിയിൽ വീട്ടുകാർക്കും പോലീസിനും സംശയം തോന്നി. തുടർന്ന് വിശദമായി വിവരങ്ങൾ ചോദിച്ചപ്പോഴാണ് സത്യം വെളിപ്പെട്ടത്. കുട്ടിക്ക് കൗൺസിലിംഗ് അടക്കം നൽകുമെന്ന് പോലീസ് അറിയിച്ചു.

Similar Posts