< Back
Kerala
ഭക്ഷണത്തിനും മറ്റ് ചെലവുകൾക്കും പണമില്ല;  ചികിത്സാ പിഴവിനെ തുടർന്ന്  കൈമുറിച്ച് മാറ്റിയ ഒമ്പതുവയസുകാരിക്ക് സർക്കാർ സഹായം നൽകുന്നില്ലെന്ന് കുടുംബം
Kerala

'ഭക്ഷണത്തിനും മറ്റ് ചെലവുകൾക്കും പണമില്ല'; ചികിത്സാ പിഴവിനെ തുടർന്ന് കൈമുറിച്ച് മാറ്റിയ ഒമ്പതുവയസുകാരിക്ക് സർക്കാർ സഹായം നൽകുന്നില്ലെന്ന് കുടുംബം

Web Desk
|
31 Oct 2025 9:52 AM IST

ഒരു മാസമായി കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടർ ചികിത്സയിലാണ്

കോഴിക്കോട്: ചികിത്സാ പിഴവിനെ തുടർന്ന് കൈ മുറിച്ചു മാറ്റിയ പാലക്കാട്ടെ ഒമ്പതു വയസുകാരിക്ക് സർക്കാർ സഹായം നൽകുന്നില്ലെന്ന് കുടുംബം. ഒരു മാസമായി കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടർ ചികിത്സയിലാണ്.ഭക്ഷണത്തിനുൾപ്പെടെ പണമില്ലെന്നും വീടിൻ്റെ വാടക കൊടുക്കാൻ പോലും സാധിക്കുന്നില്ലെന്നും കുട്ടിയുടെ അമ്മ പ്രസീത മീഡിയവണിനോട് പറഞ്ഞു.

'ഐസിയുവിലാണ് മകളിപ്പോള്‍.കൈ കിട്ടുമോ എന്നാണ് അവള്‍ ചോദിക്കുന്നു.എന്‍റെ കൈ പോയില്ലേ എന്ന് പറഞ്ഞ് കരച്ചിലാണ്.നഴ്സുമാരെ പോലും അടുപ്പിക്കുന്നില്ല.ഡോക്ടര്‍മാര്‍ എന്നെ തൊടേണ്ട എന്നൊക്കെയാണ് കുട്ടി പറയുന്നത്. മരുന്ന് മാത്രമാണ് ഫ്രീയായി കിട്ടുന്നത്.രാവിലെയും വൈകിട്ടുമെല്ലാം ഭക്ഷണം വാങ്ങുന്നത്. 32 ദിവസമായി ഭര്‍ത്താവ് ജോലിക്ക് പോയിട്ട്.ചെറിയ രണ്ടുകുട്ടികള്‍ വീട്ടിലാണ്. വീട്ടുവാടക,ഓട്ടോകൂലി,കറന്‍റ് ബില്ല് ഇതെല്ലാം കൊടുക്കണം..' അമ്മ പ്രസീത പറയുന്നു.

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടര്‍ന്നാണ് കുട്ടിയെ കൈ മുറിച്ച് മാറ്റിയത്. പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ വേണ്ടത്ര ചികിൽസ ലഭിച്ചില്ലെന്നെന്നും കുടുംബം ആരോപിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചാണ് കുട്ടിയുടെ വലത് കൈ മുറിച്ചുമാറ്റിയത്. സംഭവത്തില്‍ ഡോക്ടർമാരെ സസ്പെൻഡ് ചെയ്തിരുന്നു. ചികിത്സ സംബന്ധിച്ച പ്രോട്ടോക്കോൾ പാലിക്കുന്നതിൽ വീഴ്ച വന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജൂനിയർ റസിഡൻറ് ഡോക്ടർ മുസ്തഫ, ജൂനിയർ കൺസൾട്ടൻ്റ് ഡോക്ടർ സർഫറാസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

Similar Posts