< Back
Kerala
മഞ്ജുവിന് അബദ്ധം സംഭവിച്ചതായിരിക്കും, തെറ്റ് തിരുത്തുമെന്നാണ് കരുതുന്നത്; അഗളിയില്‍ നിലപാട് മയപ്പെടുത്തി കോണ്‍ഗ്രസ്
Kerala

'മഞ്ജുവിന് അബദ്ധം സംഭവിച്ചതായിരിക്കും, തെറ്റ് തിരുത്തുമെന്നാണ് കരുതുന്നത്'; അഗളിയില്‍ നിലപാട് മയപ്പെടുത്തി കോണ്‍ഗ്രസ്

Web Desk
|
29 Dec 2025 10:06 AM IST

എല്ലാ മെമ്പർമാർക്കും വിപ്പ് കൊടുത്തിട്ടുണ്ടെന്നും അതനുസരിച്ചാണ് എല്ലാവരും പ്രവർത്തിച്ചതെന്നും തങ്കപ്പൻ മീഡിയവണിനോട് കൂട്ടിച്ചേർത്തു

പാലക്കാട് :അഗളിയിലെ കൂറുമാറ്റത്തില്‍ നിലപാട് മയപ്പെടുത്തി കോണ്‍ഗ്രസ്. മഞ്ജുവിന് അബദ്ധം സംഭവിച്ചതായിരിക്കാമെന്ന് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍. മഞ്ജു തെറ്റ് തിരുത്തുമെന്നാണ് കരുതുന്നതെന്നും തങ്കപ്പന്‍ മീഡിയവണിനോട് പറഞ്ഞു.

'അബദ്ധമാണോ മനപൂര്‍വമാണോയെന്ന് പരിശോധിക്കണം. പാലക്കാട് ജില്ലയിലെ എല്ലാ മെമ്പര്‍മാര്‍ക്കും വിപ്പ് കൊടുത്തിട്ടുണ്ട്. അതനുസരിച്ചാണ് എല്ലാവരും പ്രവര്‍ത്തിച്ചത്. വിപ്പ് ഉണ്ടായിരുന്നാലും ഇല്ലെങ്കിലും ഒരു പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചയാള്‍ മറ്റൊരു പാര്‍ട്ടിയുടെ പിന്തുണയില്‍ പോകുകയെന്നത് തികച്ചും അയോഗ്യതയാണ്. അബദ്ധത്തില്‍ സംഭവിച്ചതാകാമെന്നാണ് ഞാന്‍ കരുതുന്നത്. മനപൂര്‍വം പോകാതിരിക്കട്ടെയെന്നാണ് ആഗ്രഹം.' തങ്കപ്പന്‍ കൂട്ടിച്ചേര്‍ത്തു.

അഗളി പഞ്ചായത്തില്‍ അധ്യക്ഷ തെരഞ്ഞെടുപ്പിനിടെ യുഡിഎഫ് അംഗമായ മഞ്ജു കൂറുമാറി എല്‍ഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. തനിക്ക് പാര്‍ട്ടിയുടെ വിപ്പ് കിട്ടിയിരുന്നില്ലെന്നും കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ വോട്ട് ലഭിച്ചെന്നും മഞ്ജു നേരത്തെ പ്രതികരിച്ചിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പത്തും യുഡിഎഫിന് ഒന്‍പത് വോട്ടുമാണ് ലഭിച്ചിരുന്നത്.

Similar Posts