< Back
Kerala
പാലക്കാട്ടെ വൃദ്ധദമ്പതികളുടെത് കൊലപാതകമെന്ന് പൊലീസ്; മകന്റെ തിരോധാനത്തെ കുറിച്ച് അന്വേഷണം
Kerala

പാലക്കാട്ടെ വൃദ്ധദമ്പതികളുടെത് കൊലപാതകമെന്ന് പൊലീസ്; മകന്റെ തിരോധാനത്തെ കുറിച്ച് അന്വേഷണം

Web Desk
|
10 Jan 2022 11:10 AM IST

ഇയാൾ ബംഗളൂരിലേക്ക് കടന്നതായാണ് സംശയം

പാലക്കാട് പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയതാണെന്ന് പൊലീസ്. പുതുപ്പരിയാരം പ്രതീക്ഷാ നഗറിലെ ചന്ദ്രൻ (65), ദേവി(55) എന്നിവരെയാണ് വീടിനകത്ത് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരോടൊപ്പം താമസിച്ചിരുന്ന മകൻ സനലിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. വീടനകത്ത് നിന്നും കീടനാശിനിയും കണ്ടെത്തി.

ഇന്ന് രാവിലെയാണ് പുതുപ്പരിയാരം ഓട്ടൂർക്കാവിൽ വൃദ്ധ ദമ്പതികളായ 65 കാരൻ ചന്ദ്രനെയും 55 വയസ്സുള്ള ദേവിയേയും വീടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. എറണാകുളത്തുള്ള മകൾ സൗമിനി രാവിലെ ഇവരെ ഫോണിൽ വിളിച്ച് കിട്ടാതായതോടെ സമീപവാസിയെ വിളിയ്ക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കാണുന്നത്. ദേവിയുടെ മൃതദേഹം സ്വീകരണമുറിയിലും, ചന്ദ്രന്റേത് കിടപ്പുമുറിയിലുമാണുണ്ടായിരുന്നത്. ഇരുവരുടെയും ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു. പാലക്കാട് എസ്.പി ആർ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു

ഇന്നലെ ഇവരോടൊപ്പമുണ്ടായിരുന്ന മകൻ സനലിനെ രാവിലെ മുതൽ കാണാനില്ല. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. മുംബൈയിൽ ജ്വല്ലറിയിൽ ജോലി ചെയ്തു വരികയായിരുന്ന സനൽ കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഏറെ നാളായി വീട്ടിലുണ്ട്.

സനൽ ബംഗ്ളൂരുവിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മോഷണ ശ്രമം നടന്നിട്ടില്ലെന്നും , കേസ് അന്വേഷണത്തിന് പ്രത്യാക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു.

Related Tags :
Similar Posts