
പാലക്കാട് ഒൻപതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവം; സ്കൂളിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ
|പ്രധാന അധ്യാപിക ഉൾപ്പടെയുള്ളവരെ മാറ്റാതെ പ്രതിഷേധത്തിൽ നിന്ന് പിന്മാറുകയില്ലെന്നും നാട്ടുകാർ
പാലക്കാട്: പാലക്കാട് നാട്ടുകല്ലിൽ ഒൻപതാം ക്ലാസുകാരി ആത്മഹത്യ ചെയ്തതിൽ സ്കൂളിനെതിരെ ആരോപണവുമായി ബന്ധുക്കൾ. ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമനിക്ക് സ്കൂളിലെ വിദ്യാർഥിയാണ് മരിച്ചത്. സ്കൂൾ അധികൃതരുടെ മാനസിക പീഡനമാണ് കുട്ടി ആത്മഹത്യ ചെയ്യാൻ കാരണമെന്ന് കുടുംബം ആരോപിച്ചു.
മാർക്ക് കുറഞ്ഞതിന്റെ പേരിൽ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി കുടുംബം ആരോപിക്കുന്നു. ഇതിനെ തുടർന്ന് നിരവധി രക്ഷിതാക്കൾ സമാനമായ അനുഭവങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. നാട്ടുകാരും ബന്ധുക്കളും ചേർന്ന് വലിയ പ്രതിഷേധമാണ് സ്കൂളിനെതിരെ നടക്കുന്നത്. ആശിർനന്ദയുടെ മരണത്തെ തുടർന്ന് പ്രധാന അധ്യാപിക ഉൾപ്പടെയുള്ളവരെ മാറ്റാതെ പ്രതിഷേധത്തിൽ നിന്ന് പിന്മാറുകയില്ലെന്നും നാട്ടുകാർ.
ആരോപണ വിധേയരായ അധ്യാപകർക്കെതിരെ നടപടി എടുക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.എന്നാൽ നടപടി രേഖാമൂലം ലഭിച്ചാൽ മാത്രം പ്രതിഷേധം അവസാനിപ്പിക്കുമെന്ന് നാട്ടുകാർ. രക്ഷിതാക്കളും വിദ്യാർത്ഥി സംഘടനകളും നാളെ ഉച്ചയ്ക്ക് 2 മണിക്ക് പ്രശ്നപരിഹാരത്തിന് വീണ്ടും യോഗം ചേരും.